കോവിഡ്: എം.വി. ജയരാജൻെറ ആരോഗ്യനിലയിൽ പുരോഗതി പയ്യന്നൂർ: കോവിഡും തുടർന്നുള്ള ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻെറ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എന്നാൽ, കോവിഡിനൊപ്പമുള്ള ന്യൂമോണിയ ശ്വാസകോശത്തെ വലിയരീതിയിൽ ബാധിച്ചതിനാൽ ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നും കടുത്ത ജാഗ്രത തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. കോവിഡിൻെറ തീവ്രത സൂചിപ്പിക്കുന്ന രക്തത്തിലെ സൂചകങ്ങൾ ഉയർന്നുതന്നെ നിൽക്കുകയാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ ഓക്സിജൻെറ അളവ് കുറഞ്ഞതിനാൽ സി -പാപ്പ് വൻെറിലേറ്ററിൻെറ സഹായത്തോടെ അത് സാധാരണ നിലയിലേക്ക് ക്രമീകരിച്ചാണ് ചികിത്സ തുടരുന്നത്. സി -പാപ്പ് മാറ്റാൻ സാധിക്കുന്നതോടെ അദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വീണ്ടും വിധേയമാക്കുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ. അനിൽ സത്യദാസ്, ഡോ. എസ്.എസ്. സന്തോഷ് കുമാർ എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ബുധനാഴ്ചയും ജയരാജനെ പരിശോധിച്ചു. മുഖമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, എം.എൽ.എമാരായ ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവർ നേരിട്ടും ഫോണിലൂടേയും മെഡിക്കൽ സംഘവുമായി ചർച്ച ചെയ്ത് ജയരാജൻെറ ആരോഗ്യസ്ഥിതി വിലയിരുത്തി. തിരുവനന്തപുരത്തു നിന്നെത്തിയ പ്രത്യേക മെഡിക്കൽ സംഘം ഒരുദിവസം കൂടി പരിയാരത്ത് തുടരുമെന്നും മെഡിക്കൽ ബോർഡ് ചെയർമാനും മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. കെ.എം. കുര്യാക്കോസും മെഡിക്കൽ ബോർഡ് കൺവീനറും ആശുപത്രി സൂപ്രണ്ടുമായ ഡോ. കെ. സുദീപും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.