ഇരിട്ടി: മലയോരമേഖലയിൽ ഗതാഗത രംഗത്തും വികസനത്തിലും വലിയ മാറ്റം ഉണ്ടാക്കുന്ന വയനാട് -കണ്ണൂർ വിമാനത്താവളം റോഡിന്റെ അലൈൻമെന്റിന് അംഗീകാരം. സണ്ണിജോസഫ് എം.എൽ.എ വിളിച്ചു ചേർത്ത പേരാവൂർ മണ്ഡലത്തിലെ മരാമത്ത് റോഡുകളുടെ അവലോകന യോഗത്തിൽ പൊതുമരാമത്ത് അധികൃതരാണ് വിമാനത്താവളം റോഡിന്റെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി അറിയിച്ചത്. മാനന്തവാടിയിൽനിന്ന് ബോയ്‌സ് ടൗൺ വരെ 12 കിലോമീറ്റർ ദൂരം വയനാട് ജില്ല മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയോര ഹൈവേ പദ്ധതിയിൽപ്പെടുത്തി പ്രവൃത്തി തുടങ്ങി. 100 കോടി ചെലവിലാണ് നിർമാണം. രണ്ടാം റീച്ചിൽ ബോയ്സ് ടൗൺ മുതൽ അമ്പായത്തോടു വരെ ആറ് കിലോമീറ്റർ മലയോര ഹൈവേ പദ്ധതിയിൽപ്പെടുത്തി കണ്ണൂർ ജില്ല വിഭാഗത്തിന്റെ കീഴിൽ പ്രവൃത്തിയും നടത്തും. 35 കോടി രൂപയുടെ പ്രവൃത്തിക്ക് ഉടൻ ഭരണാനുമതി ലഭിക്കും. ഏഴു മീറ്റർ വീതിയിൽ ടാറിങ്ങും ബാക്കി കോൺക്രീറ്റും നടത്തും. മൂന്നാമത്തെ റീച്ചിലാണ് ആദ്യഘട്ടത്തിൽ വിമാനത്താവള റോഡ് നിലവാരത്തിൽ പ്രവൃത്തി നടത്തുക. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ 40 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കാൻ 1700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 900 കോടി രൂപ സ്ഥലം ഏറ്റെടുപ്പിനും പുനരധിവാസത്തിനുമായി വകയിരുത്തും. 800 കോടി രൂപ റോഡ് നിർമാണത്തിന് ചെലവഴിക്കും. 24 മീറ്റർ വീതിയിലാണ് റോഡ്. 18 മീറ്റർ ടാറിങ് ഉണ്ടാകും. റോഡിന്റെ അതിർത്തി നിർണയിക്കുന്നതിന് കല്ലിടൽ പ്രവൃത്തി സെപ്റ്റംബർ പകുതിയോടെ ആരംഭിക്കും. ഇതിനുശേഷമാണ് റോഡ് നിർമാണം തുടങ്ങുക. കേളകം-പേരാവൂർ- മാലൂർ ടൗണുകൾക്ക് സമാന്തരമായി ബൈപാസും നിർമിച്ചുകൊണ്ടായിരിക്കും വയനാട്- കണ്ണൂർ വിമാനത്താവള പാത കടന്നുപോവുക. വള്ളിത്തോട് -മണത്തണ മലയോര ഹൈവേ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തിക്ക് ഇരിക്കൂർ കൺസ്ട്രക്ഷനുമായി കരാർ ഉറപ്പിച്ചു. 25 കിലോമീറ്റർ ദൂരം 57 കോടിക്കാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. കെ.ആർ.എഫ്.ബി പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും. ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കും. അയ്യപ്പൻകാവ് - ഹാജി റോഡ് രണ്ടര കിലോമീറ്റർ ദൂരം അഞ്ചുകോടി രൂപ മുടക്കി നടത്തുന്ന പ്രവൃത്തി ആരംഭിച്ചു. കേളകം -അടയ്ക്കാത്തോട് റോഡ് മൂന്നു കോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ വെച്ചതായും, ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പുന്നാട് -മീത്തലെ പുന്നാട് മൂന്നു കിലോമീറ്റർ മൂന്നു കോടി രൂപ ചെലവിലുള്ള പ്രവൃത്തി പൂർത്തിയായി വരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു. മേഖലയിലെ 25 റോഡുകളുടെ അറ്റകുറ്റ പ്രവൃത്തി ഒരു വർഷത്തേക്ക് നടത്തുന്നതിന് 155 ലക്ഷം രൂപ അനുവദിച്ചു. അപകടാവസ്ഥയായ മരങ്ങൾ മുറിക്കാത്തതും കെ.എസ്.ടി.പി റോഡുകളുടെ ഓവുചാൽ കാര്യക്ഷമമല്ലാത്തതും പേരാവൂർ ടൗണിൽ നടപ്പാതയുടെ സ്ലാബുകൾ പൊട്ടി ആളുകൾ താഴെ വീഴുന്ന സാഹചര്യവും യോഗത്തിൽ പരാതിയായി ഉയർന്നു. സോളാർ വഴിവിളക്കുകൾ ആളുകളുടെ തലയിൽ പതിക്കുന്ന സ്ഥിതിയാണെന്നും യോഗം വിലയിരുത്തി. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികൾക്ക് അധികൃതരുടെ മേൽനോട്ടം ഇല്ലാത്തതും വിമർശനത്തിന് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.