ഓണ വിപണി ലക്ഷ്യമിട്ട് ഖാദി സർവേ തുടങ്ങി

കണ്ണൂർ: ഓണ വിപണി ലക്ഷ്യമിട്ട് ജില്ലയിൽ ഖാദി സർവേ തുടങ്ങി. സർവേയുടെ ഉദ്​ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്‍റെ നേതൃത്വത്തിലാണ്​ സർവേ നടത്തുന്നത്​. ഡോക്ടർമാരും നഴ്സുമാരും ഖാദി കോട്ട് ധരിക്കണമെന്ന ദേശീയ മെഡിക്കൽ മിഷൻ നിർദേശം മുൻനിർത്തി സംസ്ഥാന സർക്കാറിന് അപേക്ഷ നൽകിയതായി ജയരാജൻ പറഞ്ഞു. നിർദേശം നടപ്പായാൽ വലിയ വിപണിയാണ് കേരളത്തിൽ ഖാദിക്ക് ലഭിക്കുക. കലക്ടർ എസ്. ചന്ദ്രശേഖരറിൽനിന്ന് വിവരം ശേഖരിച്ചായിരുന്നു സർവേ ഉദ്ഘാടനം. പരുക്കൻ തുണിയാണ് ഖാദിയെന്ന പരമ്പരാഗത ധാരണ മാറ്റുക, വിപണിയുടെ ആവശ്യങ്ങൾ മനസ്സിലാക്കുക, ഖാദി നവീകരിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായമാരായുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യം. ഓണം ഖാദിമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ, അർധസർക്കാർ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരിൽനിന്നാണ് സർവേ വഴി വിവരങ്ങളാരായുക. നവീകരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന വസ്ത്രങ്ങൾ നിർമിക്കാൻ ഖാദി ബോർഡ് തീരുമാനിച്ചതായും ജയരാജൻ അറിയിച്ചു. പരിപാടിയിൽ എ.ഡി.എം കെ.കെ. ദിവാകരൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പദ്മനാഭൻ എന്നിവർ പങ്കെടുത്തു. ആഗസ്റ്റ്​ രണ്ട് മുതൽ സെപ്​റ്റംബർ ഏഴ്​ വരെയാണ് ഖാദി ഓണം മേള നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.