കണ്ണൂർ: ജില്ലയിലെ 11 റവന്യൂ ബ്ലോക്കുകളിലും ഏകദിന ആരോഗ്യമേള സംഘടിപ്പിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ആരോഗ്യരംഗത്തെ കൂടുതൽ രോഗീസൗഹൃദവും ആധുനികവുമാക്കുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യം. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യമേളയുടെ ജില്ലതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി വിപുലപ്പെടുത്താനും ആരോഗ്യ കാമ്പയിനുകൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കാനും സംസ്ഥാന സർക്കാറിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. പ്രമീള അധ്യക്ഷത വഹിച്ചു. സർക്കാർ നടപ്പാക്കുന്ന വിവിധ ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക, പകർച്ചവ്യാധികൾ, സാംക്രമികരോഗങ്ങൾ എന്നിവ തടയുക, നൂതന പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ആരോഗ്യത്തോടെയിരിക്കാൻ പ്രേരിപ്പിക്കുക, മുൻകൂട്ടിയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ പ്രവർത്തകരുമായുള്ള ടെലി കൺസൽട്ടേഷൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ആരോഗ്യമേള സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പ്, എക്‌സൈസ് ഐ.സി.ഡി.എസ്, കുടുംബശ്രീ, കാരുണ്യ ആരോഗ്യപദ്ധതി കിയോസ്‌ക് ഉൾപ്പെടെ 11 സ്റ്റാളുകളാണ് മേളയിലുള്ളത്. പിണറായി എക്‌സൈസ് ഓഫിസർ കെ.കെ. ഷമീറിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്, ആരോഗ്യ വിദ്യാർഥികളുടെ ഫ്ലാഷ് മോബുകൾ, ക്വിസ് മത്സരം, വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചു. ഇരിവേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടന്ന ജില്ലതല പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, കലക്ടർ എസ്. ചന്ദ്രശേഖർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. ബാലഗോപാലൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.