രണ്ടുവർഷത്തെ ഇടവേളക്ക് വിട; ജില്ലതല പ്രവേശനോത്സവം നാളെ

കണ്ണൂർ: കോവിഡ്കാലം തീർത്ത പ്രതിസന്ധികൾക്കൊടുവിൽ രണ്ടുവർഷത്തിന് ശേഷം വിദ്യാലയങ്ങൾ പൂർണമായി തുറക്കുമ്പോൾ ജില്ലയിലെ സ്‌കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജില്ലതല പ്രവേശനോത്സവം സംഘടിപ്പിക്കുക. ബുധനാഴ്ച രാവിലെ 10ന് സാഹിത്യകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 1302 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. ശുചീകരണ പ്രവൃത്തികളും കുട്ടികൾക്കുള്ള യൂനിഫോം വിതരണവും പൂർത്തിയായി. പാഠപുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിച്ചുകഴിഞ്ഞു. സ്‌കൂൾ തുറന്ന് രണ്ടുദിവസത്തിനകം കുട്ടികൾക്ക് പുസ്തകം ലഭ്യമാക്കും. കോവിഡ് പ്രതിരോധത്തിന് 15 മുതൽ 17 വരെ പ്രായമുള്ള കുട്ടികളിൽ 99.9 ശതമാനം രണ്ടാം ഡോസ് വാക്സിനും 12 മുതൽ 14 വരെയുള്ളവരിൽ 50 ശതമാനം ഒന്നാം ഡോസ് വാക്സിനേഷനും പൂർത്തിയാക്കി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. രത്നകുമാരി, യു.പി. ശോഭ, ടി. സരള, വി.കെ. സുരേഷ് ബാബു, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.