മൂര്‍ഖന്റെ കടിയേറ്റ കുട്ടി തിരികെ ജീവിതത്തിലേക്ക്‌

കണ്ണൂർ: മൂര്‍ഖന്റെ കടിയേറ്റ്‌ ഗുരുതരാവസ്ഥയിലായ കുട്ടി തിരികെ ജീവിതത്തിലേക്ക്‌. ഏച്ചൂര്‍ കമാല്‍പീടികയിലെ റസിയ മന്‍സിലില്‍ അബ്ദുല്‍സലാമിന്റെയും റാസിയയുടെയും മകൻ അൽഹുദ ഇംഗ്ലീഷ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ്‌ ഇശാന്‍ മേയ്‌ 10ന്‌ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ്‌ കൈയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്‌. ഉടന്‍ ശ്രീചന്ദ്‌ സ്‌പെഷാലിറ്റി ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റില്‍ പ്രവേശിപ്പിച്ചു. അതിഗുരുതരാവസ്ഥയിലായ കുട്ടിയെ പീഡിയാട്രിക്‌ ഇന്റന്‍സിവിസ്റ്റായ ഡോ. അജയ്‌, ഡോ. ഫര്‍ജാന, എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റിലെ ഡോ. അതുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിത ഇടപെടലിലൂടെ ചികിത്സ ആരംഭിക്കുകയായിരുന്നു. പീഡിയാട്രിക്‌ ഇന്റന്‍സിവ്‌ യൂനിറ്റിന്റെ സഹായത്തോടെ പൂർണ ആരോഗ്യവാനായി ജീവന്‍ നിലനിര്‍ത്താനും മൂന്നു ദിവസത്തിനുശേഷം പടിപടിയായി കുട്ടിയെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരുകയുമായിരുന്നു. കൈയിലെ മുറിപ്പാടുകള്‍ പ്ലാസ്റ്റിക്‌ സര്‍ജന്‍ ഡോ. നിബുവിന്റെ നേതൃത്വത്തിലുള്ള ടീം പൂർണമായും മാറ്റി. ശ്രീചന്ദ്‌ സ്‌പെഷാലിറ്റി ആശുപത്രിയുടെ വകയായി ഇശാന്‌ സി.ഇ.ഒ നീരൂപ്‌ മുണ്ടയാടന്‍ സൈക്കിള്‍ കൈമാറി. മുഖ്യാതിഥിയായി ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫിസര്‍ പി. രമേശന്‍, മാര്‍ക്കിന്റെ സാരഥികളായ സെക്രട്ടറി മഹേഷ്‌ ദാസ്‌, പ്രസിഡന്റ്‌ ഡോ. റോഷ്‌നാദ്‌ രമേശ്‌, ബ്ലഡ്‌ ഡോണേഴ്സ് കേരള സാരഥികള്‍ എന്നിവര്‍ അഭിനന്ദനം അറിയിച്ചു. ഒന്നര വര്‍ഷത്തിനിടെ, പാമ്പുകടിയേറ്റ്‌ ഗുരുതരാവസ്ഥയിലായ നിരവധി രോഗികളെ ജീവിതത്തിലേക്ക്‌ കൊണ്ടുവരാന്‍ ശ്രീചന്ദിന്റെ സ്നേക്ക്‌ ബൈറ്റ്‌ യൂനിറ്റിന്‌ സാധിച്ചിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.