കെ-റെയിൽ കേരളത്തിന്റെ അവസാന വികസന പദ്ധതി -സി.ആർ. നീലകണ്ഠൻ

പയ്യന്നൂർ: കെ-റെയിൽ പദ്ധതി നടപ്പായാൽ കേരളത്തിന്റെ അവസാന വികസന പദ്ധതി ആയിരിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. കെ-റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് നയിക്കുന്ന വാഹന പ്രചാരണ ജാഥ പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുതരത്തിലും മനുഷ്യന് ഗുണകരമല്ലാത്ത പദ്ധതിയാണിത്. ഇത് നടപ്പായാൽ പിന്നെ കേരളത്തിൽ ഒരു വികസനത്തിനും വഴിയില്ല. വിഭവങ്ങളുമുണ്ടാവില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയുമ്പോൾ കേരളത്തിന്റെ കടം ഒന്നര ലക്ഷം കോടി രൂപയാണെങ്കിൽ പിണറായി വിജയൻ രണ്ടാം വരവിലെത്തുമ്പോൾ അത് മൂന്നുലക്ഷം കോടി രൂപയായി. അതായത് അഞ്ചുവർഷം കൊണ്ട് ഇരട്ടിയായി. ഇത് മൂന്നിരട്ടി ആക്കുന്ന ഇടപാടാണ് കെ- റെയിൽ പദ്ധതി എന്ന് നീലകണ്ഠൻ വിശദീകരിച്ചു. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വന്നതോടുകൂടി ജനത്തിന്റെ നെഞ്ചിൽ ചവിട്ടിയുള്ള മഞ്ഞ കുറ്റിയടിക്കൽ നിർത്തിയിരിക്കുകയാണ്. സർക്കാറിന് നന്നായറിയാം, ഈ കുറ്റിയടിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണെന്ന്. അതുകൊണ്ട് ഇനി കല്ലിട്ടാൽ തൃക്കാക്കരയിൽ ഇപ്പോൾ കിട്ടാൻപോകുന്ന വോട്ടുകൂടി കിട്ടില്ലെന്നും നീലകണ്ഠൻ കൂട്ടിച്ചേർത്തു. ജാഥാ നായകൻ മാർട്ടിൻ ജോർജിന് കോൺഗ്രസ് പതാക കൈമാറിയാണ് സി.ആർ. നീലകണ്ഠൻ വാഹനപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തത്. പയ്യന്നൂർ ബ്ലോക്ക് പ്രസിഡൻറ് വി.സി. നാരായണൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ്, മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, പി.ടി. മാത്യു, കെ.വി. ഫിലോമിന, സുരേഷ് ബാബു എളയാവൂർ, എം.കെ. രാജൻ, എ.പി.നാരായണൻ, കെ.പ്രമോദ്, കെ.സി. മുഹമ്മദ് ഫൈസൽ, ചന്ദ്രൻ തില്ലങ്കേരി, പി. ലളിത ടീച്ചർ, റഷീദ് കവ്വായി, മുഹമ്മദ് ബ്ലാത്തൂർ, കൊയ്യോം ജനാർദനൻ, മഹേഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. സി.ആർ നീലകണ്ഠൻ പയ്യന്നൂരിൽ കെ-റെയിൽ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കോൺഗ്രസ് പ്രചാരണ ജാഥ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.