അടിമാലി: കാട്ടാനയിൽനിന്ന് കർഷകരുടെ ജീവനും കൃഷിയിടത്തിനും സുരക്ഷ നൽകേണ്ട കമ്പിവേലികൾ അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്നു. പ്രവർത്തനസജ്ജമാക്കാൻ നടപടി ഉണ്ടാകാത്തതിന് എതിരെ പ്രതിഷേധം ശക്തം.
അടിമാലി, മാങ്കുളം പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ കിലോമീറ്ററോളം വരുന്ന വൈദ്യുതി കമ്പിവേലിയാണ് പ്രവർത്തനരഹിതമായത്. ഇപ്പോൾ വൈദ്യുതി പ്രവഹിക്കാത്തതിനാൽ ഏതുനിമിഷം വേണമെങ്കിലും കാട്ടാനക്ക് വേലി തകർത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങാനാകും. നിരവധി മാസമായി വേലിയിൽ കാടുകയറി മൂടിയിട്ട്. കാട്ടാനകൾ പതിവായി ഏത് നിമിഷം വേണമെങ്കിലും വേലി തകർത്ത് ആന കൃഷിയിടത്തിലേക്കോ വീട്ടുമുറ്റങ്ങളിലേക്കോ എത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ.
വർഷങ്ങൾക്ക് മുമ്പ് മാമലക്കണ്ടം മേഖലയിലും വൈദ്യുതിവേലി സ്ഥാപിച്ചിരുന്നു. ഇവിടെ പശുവിനെ അഴിക്കാൻ പോയ സ്ത്രീയെ നേരത്തേ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
ഒരുമാസം മുമ്പ് ഇവിടെ നാല് വീടും കാട്ടാന നശിപ്പിച്ചിരുന്നു. പഴമ്പിളിച്ചാൽ, കമ്പിലൈൻ, കുളമാംകുഴി, പാട്ടയടമ്പ് എന്നിവിടങ്ങളിൽ വലിയ രീതിയിൽ കാട്ടാന ശല്യമുണ്ട്. വൈദ്യുതി കമ്പിവേലിയുടെ പ്രവർത്തനം കൃത്യമായി കുറേക്കാലം മുന്നോട്ട് പോയിരുന്നു. പിന്നീട് വേലിയുടെ സംരക്ഷണത്തിൽ വനം വകുപ്പ് ശ്രദ്ധിക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി. മാങ്കുളം പഞ്ചായത്തിലെ എല്ലാ വാർഡിലും കാട്ടാന ശല്യമുണ്ട്.
ഉരുക്കുവടം പദ്ധതി ഉൾപ്പെടെ നടപ്പാക്കിയ മാങ്കുളം പഞ്ചായത്തിലാണ് സ്ഥിതി ഏറ്റവും മോശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.