തൊമ്മൻകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതിക്കായി സ്ഥാപിച്ച അതിർത്തിക്കല്ല്.
തൊടുപുഴ: തൊമ്മൻകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതിനായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും തുടർ നടപടിയില്ല. പ്രതീക്ഷയോടെയാണ് തൊമ്മൻകുത്ത് പോലുള്ള ചെറുകിട പദ്ധതികളെ വൈദ്യുതി ബോർഡ് കണ്ടിരുന്നത്.
ഈ പദ്ധതി പൂർത്തിയായാൽ രണ്ട് മെഗാ വാട്ട് വൈദ്യുതി കിട്ടുമെന്ന് അന്ന് അധികൃതർ പറഞ്ഞിരുന്നു. തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് മേൽഭാഗത്ത് തടയണ കെട്ടി വെള്ളം തടഞ്ഞുനിർത്താനും കുത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്താതെ വൈദ്യുതി ഉൽപാദിപ്പിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
1991ൽ പദ്ധതിയുടെ കരടു തയാറായി. പിന്നീട് പഠനത്തിന് ശേഷം അന്നത്തെ തൊടുപുഴ എം.എൽ.എ പി.ടി. തോമസാണ് പദ്ധതി പ്രഖ്യാപിച്ചത്. വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം തൊമ്മൻകുത്തിന് താഴെ തടയണ കെട്ടി നിർത്താനും അതിൽ സഞ്ചാരികൾക്ക് ബോട്ടിങ്ങിന് സൗകര്യം ഒരുക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നു.
വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭാഗമായും യാതൊരു വികസന പ്രവർത്തനങ്ങളും നടത്തുന്നില്ലെന്ന് പരാതിയുണ്ട്. അടിയന്തരമായി മേഖലയിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ച് ഇത് മാതൃക ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നാണ് ആവശ്യം. തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പോലും സൗകര്യമില്ല. സ്ഥലം ഏറ്റെടുത്ത് കരിമണ്ണൂർ പഞ്ചായത്ത് പാർക്കിങ് ഏരിയ നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.