തൊടുപുഴ: സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന പട്ടികജാതി-വർഗ വികസന വകുപ്പിന് കീഴിലും വിവിധ ക്ഷേമപദ്ധതികൾ നിലച്ചു. പദ്ധതികളുടെ കുടിശ്ശികയായി മാത്രം 158.12 കോടി രൂപയാണ് അപേക്ഷകർക്ക് നൽകാനുള്ളത്. ഏറ്റവും കൂടുതൽ കുടിശ്ശിക മിശ്രവിവാഹ ധനസഹായ വിതരണത്തിലാണ്. ഈ ഇനത്തിൽ 65,12,25,000 രൂപ അപേക്ഷകർക്ക് നൽകാനുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
തൊട്ടുപിന്നിൽ വിവാഹ ധനസഹായ അപേക്ഷയാണ്. ഇവർക്ക് 58,07,00,000 രൂപയും വിതരണം ചെയ്യാനുണ്ട്. ഇതിനുപുറമേ ചികിത്സാധനസഹായ ഇനത്തിൽ 3,42,25,500, വിദേശ തൊഴിൽ ധനസഹായത്തിൽ 5,61,00,000, ഏക വരുമാനദായകന്റെ മരണം മൂലമുള്ള സഹായം 15,56,00,000 രൂപയുമാണ് മുടങ്ങിക്കിടക്കുന്നത്.
പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുകയിൽ കുടിശ്ശികയില്ലെങ്കിലും പോസ്റ്റ്മെട്രിക് തലത്തിൽ പഠിക്കുന്ന പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനത്തിൽ 9,42,74,160 രൂപ നൽകാനുണ്ട്. ഇതോടൊപ്പം പട്ടികവർഗ വിഭാഗത്തിൽപെട്ടവരുടെ മിശ്രവിവാഹ ധനസഹായത്തിൽ 91,75,000 രൂപയും കുടിശ്ശികയുണ്ട്. ഇക്കൂട്ടത്തിൽ മിശ്രവിവാഹ ധനസഹായ വിതരണം നിലച്ചിട്ട് നാല് വർഷത്തോളമായി. വിവാഹ ധനസഹായം ഒരുവർഷവും പിന്നിട്ടു.
ചികിത്സാധനസഹായം മാത്രമാണ് ഇടക്ക് പേരിനെങ്കിലും വിതരണം ചെയ്യുന്നത്. ക്ഷേമപദ്ധതികളിലെ ധനസഹായ വിതരണം നിലച്ചതോടെ അപേക്ഷ നൽകി കാത്തിരിക്കുന്ന സാധാരണക്കാരാണ് വെട്ടിലായത്. വിദേശജോലിക്ക് ധനസഹായമായി ഒരുലക്ഷം രൂപയും വിവാഹത്തിന് 1.25 ലക്ഷവും മിശ്രവിവാഹത്തിന് 75000വും ഏക വരുമാനദായകന്റെ മരണംമൂലം കഷ്ടതയനുഭവിക്കുന്ന കുടുംബത്തിന് രണ്ടുലക്ഷം രൂപയുമാണ് വകുപ്പ് ധനസഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.