ജില്ല വികസനസമിതിയില്‍ കലക്ടർ ദിനേശന് ചെറുവാട്ട് സംസാരിക്കുന്നു
തൊടുപുഴ: ഇടമലക്കുടി, വട്ടവട സ്വാമിയാറളക്കുടി പ്രദേശങ്ങളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. ശനിയാഴ്ച ചേർന്ന ജില്ല വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച നടപടികൾക്ക് നിർദേശം നൽകിയത്. ഇടമലക്കുടിയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ വകുപ്പുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് കലക്ടർ ഡോ. ദിനേശന് ചെറുവാട്ട് യോഗത്തിൽ പറഞ്ഞു. ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ അവശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്കി.
ഇതുകൂടാതെ വട്ടവടയില്‍നിന്ന് മൂന്നാര്‍ എത്തുന്ന ചിലന്തിയാര്‍-സ്വാമിയാറളക്കുടി റോഡ് നിര്‍മാണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിനായി തുടര്‍നടപടി പുരോഗമിക്കുകയാണെന്ന് എക്സി. എൻജിനീയര്‍ അറിയിച്ചു. ഇവിടെയാണ് ഒരു മാസം മുമ്പ് പരിക്കേറ്റ സ്ത്രീയെ കിലോമീറ്ററുകൾ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ഈ സംഭവം വിവാദമായിരുന്നു. ഒരാഴ്ചയായി ‘മാധ്യമം’ ഇടമലക്കുടി, വട്ടവട അടക്കമുള്ള ആദിവാസി-വിദൂര മേഖലകളിലെ യാത്രാ ദുരിതവുമായി ബന്ധപ്പെട്ട് പരമ്പര നൽകി വന്നിരുന്നു. മേഖലകളിൽ യാത്രാ ദുരിതമടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
സംസ്ഥാനത്തെ ഏകഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുമായി ബന്ധപ്പെട്ട് എല്ലാ മാസവും യോഗം ചേരാൻ യോഗത്തിൽ തീരുമാനിച്ചു. കലക്ടർ, സബ് കലക്ടർ ട്രൈബൽ ഉദ്യോഗസ്ഥർ തുടങ്ങി പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഇടമലക്കുടിയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ ഇരവികുളം നാഷനൽ പാർക്കിലൂടെ വൈകുന്നേരങ്ങളിൽ അവശ്യവസ്തുക്കളടക്കം എത്തിക്കുന്ന കാര്യം വനം വകുപ്പുമായി സംസാരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടും ചർച്ച നടന്നു. ഇടമലക്കുടിയില്‍ വൈദ്യുതി കേബിളിന്റെ ഇലക്ട്രിക്കല്‍ തകരാർ മഴ മാറിയാല്‍ ഉടന്‍ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇടമലക്കുടി പഞ്ചായത്തില്‍ ടെയ്ലറിങ് പരിശീലനത്തിന് വിവര ശേഖരണം നടത്തിയിട്ടുണ്ട്. തയ്യല്‍ പരിശീലന പദ്ധതി നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സമിതിയെ അറിയിച്ചു. ഇടമലക്കുടിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കാനും കലക്ടർ കുടുംബശ്രീക്ക് നിര്‍ദേശം നല്കി.
ദേശീയപാത 85ല്‍ വാളറ-നേര്യമംഗലം സ്ട്രക്ചറില്‍ 259 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും യൂസര്‍ ഏജന്‍സി ഇത് മുറിച്ച് നീക്കിയതായും അപകട ഭീഷണിയായ നിന്ന 682 മരങ്ങളില്‍ 303 എണ്ണം മുറിച്ചതായും മൂന്നാര്‍ ഡി.എഫ്.ഒ സമിതിയെ അറിയിച്ചു.
സ്വച്ഛ് സര്‍വേക്ഷന്‍ പദ്ധതിയില്‍ ദേശീയ തലത്തില്‍ മികച്ച ശുചിത്വ നഗരസഭകളില്‍ ഉള്‍പ്പെട്ട കട്ടപ്പന നഗരസഭയെയും തൊടുപുഴ നഗരസഭയെയും ജില്ല വികസന സമിതിയില്‍ അനുമോദിച്ചു. അഡീ. ജില്ല മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, ജില്ല പ്ലാനിങ് ഓഫിസര്‍ ദീപ ചന്ദ്രന്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ജില്ല വികസന സമിതിയില്‍ പങ്കെടുത്തു.
ജില്ലയിലെ ആദിവാസി ഉന്നതികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിന് മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. വത്സപ്പെട്ടിക്കുടിയിലെ ആദിവാസി വനിതയെ ഗതാഗതയോഗ്യമായ റോഡിന്റെ അഭാവത്തിൽ, മുളയിൽ തുണികെട്ടി ആറു കിലോമീറ്റർ ചുമന്ന് മറയൂരിലെ ആശുപത്രിയിലെത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളിലെ ജില്ല ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിക്കാൻ കമീഷൻ കലക്ടർക്ക് നിർദേശം നൽകി.
റോഡും ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളും അടിയന്തരമായി ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് കലക്ടർക്ക് നിർദേശം നൽകി. വത്സപ്പെട്ടിക്കുടിയിലെ വിഷയത്തിൽ ആദിവാസി കോളനികളിൽ റോഡ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടും അതിന് വനം വകുപ്പ് തടസ്സം നിൽക്കുകയാണെന്ന ആക്ഷേപം പരിശോധിച്ച് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.