ന്യൂമാനീയം എക്സിബിഷനിൽ എൻ.സി.സി യുടെ സ്റ്റാളിൽ തോക്കിന്റെ പ്രവർത്തനരീതി വിവരിച്ചു കൊടുക്കുന്ന
എൻ.സി.സി കാഡറ്റ്
തൊടുപുഴ: പഞ്ചാബി ഹൗസിലെ രമണനും മിന്നൽ മുരളിയുമൊക്കെ കൺമുന്നിൽ വന്നു നിൽക്കുന്ന കെമിക്കൽ മാജിക്കുമായി രസതന്ത്ര വിഭാഗം, യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്ന അഗ്നി പർവതവും മഞ്ഞു മലകളും വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ആകർഷകമായ പവിലിയനുകളൊരുക്കി വ്യത്യസ്തത ഒരുക്കുകയാണ് തൊടുപുഴ ന്യൂമാൻ കോളജിൽ നടക്കുന്ന ന്യൂമാനീയം എക്സിബിഷൻ. കോളജിലെ എല്ലാ പഠനവിഭാഗങ്ങളും എൻ.സി.സി, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകളും ചേർന്നൊരുക്കുന്ന പ്രദർശനത്തിൽ ഐ.എസ്.ആർ.ഒ., ബി.എസ്.എൻ.എൽ., കൊയർ ഫെഡറേഷൻ, കേരള ഫയർ ഫോഴ്സ്, പൊലീസ് എന്നിവരും ചേർന്നാണ് പവിലിയനുകൾ ഒരുക്കിയിരിക്കുന്നത്. പ്ലാനറ്റേറിയത്തിലൂടെ ഒരു സഞ്ചാരമാണ് ഫിസിക്സ് വിഭാഗത്തിന്റെ ആകർഷണം. ഒപ്പം ഐ.എസ്.ആർ.ഒ ചന്ദ്രയാനും ശൂന്യാകാശാനുഭവവും ഒരക്കിയിരിക്കുന്നു.
ജീവനുള്ള ഷേക്സ്പിയർ കഥാപാത്രങ്ങളുമായാണ് ഇംഗ്ലീഷ് വിഭാഗത്തിന്റെ പ്രദർശനം. പൗരാണിക സംസ്കാരത്തിന്റെ അടയാളങ്ങളായ പണിയായുധങ്ങളും അപൂർവ നാണയങ്ങളും താളിയോലകളും പാത്രങ്ങളും സ്വാതന്ത്ര്യസമരകാലവുമൊക്കെയാണ് ചരിത്രവിഭാഗത്തിന്റെ സ്റ്റാളുകളിൽ. എല്ലാ ദിവസവും വൈകുന്നേരം കലാപാരിപാടികളുമായി ഉത്സവാന്തരീക്ഷമൊരുക്കിയിരിക്കുകയാണ് വിദ്യാർഥികൾ. ന്യൂമാൻ കോളജിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച എക്സിബിഷൻ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.