തൊടുപുഴ: മത്സരപ്പരീക്ഷകളിൽ ഹിറ്റായി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം. വിവിധ മത്സരപ്പരീക്ഷകൾക്കായി ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതീയുവാക്കൾക്ക് പരിശീലനം നൽകുന്ന ജില്ലയിലെ കേന്ദ്രങ്ങളാണ് ശ്രദ്ധയാകർഷിക്കുന്നത്.
ഒമ്പത് വർഷത്തിനിടെ ജില്ലയിലെ പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നേടിയ 560 പേർക്കാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ തസ്തികകളിൽ നിയമനം ലഭിച്ചത്. സംസ്ഥാനത്തുതന്നെ നിയമനം ലഭിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ജില്ലക്കാണ്.
ജില്ലയിൽ മൂന്ന് കേന്ദ്രങ്ങൾ
ന്യൂനപക്ഷ വിഭാഗക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങൾക്ക് പുറമെ 20 ശതമാനം സീറ്റുകളിൽ മറ്റ് ഒ.ബി.സി വിഭാഗത്തിൽപെട്ടവർക്കുമാണ് ഇവിടങ്ങളിൽ പ്രവേശനം നൽകുന്നത്.
ജില്ലയിലെ പ്രധാന കേന്ദ്രം സ്ഥിതി ചെയ്യുന്നത് തൊടുപുഴക്കടുത്തുള്ള കാരിക്കോടാണ്. ഇവിടെ 2016 മുതൽ ഇതുവരെ 4436 പേർക്കാണ് പരിശീലനം നൽകിയത്. ഇക്കൂട്ടത്തിൽ 509 പേർക്ക് വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം ലഭിച്ചു. അടിമാലി ഉപകേന്ദ്രത്തിൽ ഇതുവരെ 880 പേർക്ക് പരിശീലനം നൽകിയതിൽ 43 പേർക്കും 2018ൽ ആരംഭിച്ച പെരുവന്താനത്ത് 403 പേർക്ക് പരിശീലനം നൽകിയതിൽ എട്ടുപേർക്കും ജോലി ലഭിച്ചു.
പരിശീലനം നേടിയത് ആറായിരത്തോളം യുവജനങ്ങൾ
ഇക്കാലയളവിൽ മൂന്ന് കേന്ദ്രങ്ങളിൽനിന്നും വിവിധ സർക്കാർ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകൾക്ക് പരിശീലനം നേടിയത് 5699 പേരാണ്. കാരിക്കോടുള്ള ജില്ല കേന്ദ്രത്തിൽ 4436 പേരും അടിമാലിയിൽ 880 പേരും പെരുവന്താനത്ത് 403 പേരും ഉൾപ്പെടെയാണിത്.
ജില്ല കേന്ദ്രത്തിൽ 2016 മുതൽ 2021 വർഷങ്ങളിൽ ഓരോ വർഷവും അഞ്ഞൂറിലേറെ പേർ പരിശീലനം നേടിയിരുന്നു. 2016 മുതൽ 2018 വരെ നാല് ബാച്ചുകളായും 2019 മുതൽ 2021 വരെ ആറ് ബാച്ചുകളായുമായിരുന്നു പരിശീലനം. എന്നാൽ, പിന്നീട് പരിശീലനത്തിനെത്തുന്നവരുടെയും ബാച്ചുകളുടെയും എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.
ഈവർഷം രണ്ട് ബാച്ചുകളിലായി 218 പേരാണ് പരിശീലനം നേടുന്നത്. ഇടുക്കി ജില്ലക്കാർക്ക് പുറമെ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയായ മൂവാറ്റുപുഴ അടക്കമുള്ള പ്രദേശങ്ങളിലെ ഉദ്യോഗാർഥികൾക്കും കേന്ദ്രം സഹായകരമാണ്. മലയോര മേഖകളിലെ ഉദ്യോഗാർഥികൾക്ക് ഉപകേന്ദ്രങ്ങളും പരിശീലനത്തിന് സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.