തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ നിർമാണം
പുരോഗമിക്കുന്നു
തൊടുപുഴ: തൊടുപുഴയിൽ പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമാണം പുരോഗമിക്കുന്നു. ഇപ്പോൾ മേൽക്കൂരയുടെ പാനലിങ്ങാണ് നടക്കുന്നത്. എത്രയും വേഗത്തിൽ ഡിപ്പോ തുറക്കാനാണ് ശ്രമം. 2013 ജനുവരി 10നാണ് അത്യാധുനിക സംവിധാനങ്ങളോടെ കെ.എസ്.ആർ.ടി.സി കം ഷോപ്പിങ് കോംപ്ലക്സിന്റെ പണി ആരംഭിച്ചത്. എന്നാൽ, നിർമാണം പല കാരണങ്ങളിലായി നീണ്ടു. ആദ്യം 12.5 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
പ്രവർത്തി നീണ്ടതോടെ ചെലവ് 16 കോടിയായി. പിന്നെയും അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ ബാക്കിയായി. പി.ജെ. ജോസഫ് എം.എൽ.എ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് രണ്ടുകോടി രൂപ കൂടി അനുവദിച്ചു. ഓഫിസ് സജ്ജീകരിക്കൽ, ഗ്ലാസ് വർക്ക്, ടൈൽ പണി, തൂണുകൾക്ക് ഇടയിലെ ചോർച്ച അടക്കൽ, പെയിന്റിങ് എന്നിവ ഏകദേശം പൂർത്തിയായിട്ടുണ്ട്. താൽക്കാലിക ഡിപ്പോയിൽ ഏറെ ബുദ്ധിമുട്ടിയാണ് ബസുകൾ കയറുന്നത്. മാത്രമല്ല ഇവിടെ യാത്രക്കാർക്കും ജീവനക്കാർക്കും വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ സൗകര്യമില്ല. പുതിയ കെ.എസ്.ആർ.ടി.സി ടെർമിനൽ എന്ന ഒമ്പതുവർഷത്തെ നീണ്ട കാത്തിരിപ്പിന് ഉടൻ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് തൊടുപുഴക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.