തൊടുപുഴ: ആരോഗ്യ വകുപ്പും വനിത ശിശുക്ഷേമ വകുപ്പും തമ്മിലുളള പോരിൽ പെരുവഴിയിലായി ഭിന്നശേഷി കുട്ടികൾ. ബുധനാഴ്ച തൊടുപുഴ കാരിക്കോടുള്ള ജില്ല ആശുപത്രിയിൽ നടക്കേണ്ടിയിരുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയവരാണ് വലഞ്ഞത്. മുൻകൂട്ടി അറിയിച്ചതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് ക്യാമ്പിനെത്തിയത്.
എന്നാൽ, മെഡിക്കൽ ബോർഡിലുൾപ്പെട്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ വിട്ടുനൽകാൻ വനിത ശിശു വികസന വകുപ്പ് തയാറാകാതിരുന്നതാണ് സർട്ടിഫിക്കറ്റിനെത്തിയവരെ വലച്ചത്. ഒരു മണിവരെ കാത്തിരുന്ന ശേഷം ഇവർ നിരാശരായി മടങ്ങി. എല്ലാ മാസത്തേയും ആദ്യ ബുധനാഴ്ചയാണ് ആശുപത്രിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി മെഡിക്കൽ ബോർഡ് ചേരുന്നത്.
ഡോക്ടർമാരോടൊപ്പം വനിത ശിശുവികസന വകുപ്പിന്റെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അടക്കമുളളവരാണ് ബോർഡിലുണ്ടാകുക. കഴിഞ്ഞ മാസം വരെ പ്രശ്നങ്ങളില്ലാതെയാണ് പോയതെന്ന് വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയവർ പറഞ്ഞു.
സൈക്കോളജിസ്റ്റിനെ വിടാതെ ജില്ല ഓഫിസർ
വനിത ശിശുക്ഷേമ വകുപ്പിന് കീഴിലുളള സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറാണ് സാധാരണ ബോർഡിലെത്തുന്നത്. എന്നാൽ, പുതിയ ജില്ല ഓഫിസർ എത്തിയതോടെ നിലപാട് മാറ്റുകയായിരുന്നെന്ന് അധ്യാപകർ പറയുന്നു. ഇവർ കരാർ ജോലിക്കാരാണെന്നും ഇവരെ ബോർഡിലേക്ക് അയക്കാൻ പറ്റില്ലെന്നും ഇവർ നിലപാടെടുത്തു.
കഴിഞ്ഞ മാസം എത്തിയ കൗൺസിലർക്ക് ഡ്യൂട്ടി അനുവദിക്കാൻ തയാറായതുമില്ല. ഇതോടെയാണ് ബുധനാഴ്ച നടന്ന ക്യാമ്പിൽ വകുപ്പിൽ നിന്ന് സൈക്കോളജിസ്റ്റെത്താതിരുന്നത്. എത്തില്ലെന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്തില്ല.
കലക്ടറെ വിവരം ധരിപ്പിച്ചെന്ന് ഡി.എം.ഒ
സൈക്കോളജിസ്റ്റിനെ വിട്ടുനൽകാത്ത വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ നടപടി കലക്ടറെ അറിയിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ ‘മാധ്യമ’ത്തോട് പറഞ്ഞു. നേരത്തേ മുടക്കമില്ലാതെ നടന്ന് വന്നി മെഡിക്കൽ ബോർഡിൽ വനിത ശിശു സംരക്ഷണ വകുപ്പിൽ നിന്നുള്ള സൈക്കോളജിസ്റ്റ് കൃത്യമായി പങ്കെടുത്തിരുന്നു. എന്നാൽ, പുതിയ ജില്ല ഓഫിസർ വന്നതോടെ ഇക്കാര്യത്തിൽ മാറ്റം വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ ജീവനക്കാർക്ക് മെഡിക്കൽ ബോർഡിൽ പങ്കെടുക്കാനാകില്ല -ജില്ല ഓഫിസർ
സ്കൂൾ കൗൺസിലർമാർ കരാർ ജീവനക്കാരാണെന്നും മെഡിക്കൽ ബോർഡിലടക്കം അവർ പങ്കെടുക്കുന്നത് കരാർ വിരുദ്ധമാണെന്നും ജില്ല ശിശു വികസന ഓഫിസർ ‘മാധ്യമ’ത്തോട് പറഞ്ഞു. വകുപ്പ് ഡയറക്ടറുടെ അനുമതിയുണ്ടെങ്കിൽ തനിക്ക് വിരോധമില്ല. മുമ്പിരുന്നവർ ചെയ്ത തെറ്റ് ചെയ്യാൻ താൻ തയാറല്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.