തൊടുപുഴ: തൊടുപുഴക്ക് സമീപം വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണം മോഷ്ടിച്ചു. നെടിയശാല മൂലശ്ശേരില്‍ എം.ടി. ജോണിന്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് 6.45നും രാത്രി 7.50നും ഇടയില്‍ മോഷണം നടന്നത്. നെടിയശാല സെന്റ് മേരീസ് പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ പങ്കെടുക്കാൻ ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും പോയ സമയത്തായിരുന്നു മോഷണം.
പള്ളിയില്‍ പോയിവന്ന് വാഹനം വീടിന് പിന്നില്‍ പാര്‍ക്ക്ചെയ്തശേഷം വീട് തുറക്കാൻ മുന്നിലേക്ക് പോകുന്നതിനിടെയാണ് പിന്നിലെ വാതില്‍ പാതി തുറന്ന നിലയില്‍ കണ്ടത്. വീട് പരിശോധിച്ചപ്പോള്‍ മോഷണം നടന്നതായി മനസിലായി. ഹാളിനോട് ചേര്‍ന്നുള്ള മുറിയിലെ ഇരുമ്പ് അലമാരയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇതിന്റെ താക്കോല്‍ ഈ മുറിയിലുണ്ടായിരുന്ന തടി അലമാരയില്‍ ഉണ്ടായിരുന്നു. അതെടുത്താണ് ഇരുമ്പ് അലമാര തുറന്ന് സ്വര്‍ണം കവര്‍ന്നത്.
ഇതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നുവെന്ന് ജോൺ പറഞ്ഞു. കരിങ്കുന്നം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഞായറാഴ്ച രാവിലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവെടുത്തു. കരിങ്കുന്നം സി.ഐ. കെ.ആര്. മോഹൻദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങി.
തൊടുപുഴ: നെടിയശാലയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ചത് പ്രൊഫഷണല്‍ മോഷ്ടാക്കളെന്ന് സൂചന. പള്ളി പെരുന്നാളുകള്‍ക്ക് വീട് അടച്ച് ആളുകള്‍ പോകുന്നത് മുതലെടുത്ത് മോഷണം നടത്തുന്നവരാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ അടുത്ത നാളുകളില്‍ സമീപ ജില്ലകളിൽ ഉണ്ടായിട്ടുണ്ട്.
വീട്ടില്‍ സി.സി.ടി.വി ക്യാമറകള്‍ ഇല്ല. അടുക്കള വശത്ത് നിന്നാണ് വീടിനുള്ളിലേക്ക് കയറിയത്. വിദഗ്ധമായാണ് അടുക്കള വാതിലിന്റെ കൊളുത്തുകള്‍ ഇളക്കിമാറ്റിയിരിക്കുന്നത്. വീട്ടുകാര്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തെന്ന് ഉറപ്പാക്കിയശേഷം ചെറിയ സമയത്തിനുള്ളിലാണ് മോഷണം നടത്തി മടങ്ങിയതെന്നാണ് കരുതുന്നത്. വീടിനെയും പരിസരത്തെക്കുറിച്ചുമൊക്കെ മനസിലാക്കിയാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വളരെ ചുരങ്ങിയ സമയത്തിനുള്ളിൽ നടത്തിയ മോഷണമായതിനാലാണ് വിദഗ്ധർ തന്നെയാണ് കവർച്ച നടത്തിയിരിക്കുന്നതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.
പരിശോധക്കൈത്തിയ പൊലീസ് നായ് വീടിരിക്കുന്ന പറമ്പിലൂടെ കയറി മെയിൻ റോഡുവരെ ഓടിയെത്തി. ഇതിന് ശേഷം മോഷ്ടാക്കൾ വാഹനത്തിൽ കയറി പോയെന്നാണ് കരുതുന്നത്. ഒന്നിലേറെപ്പേറെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്ന. സമാന കേസുകളുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ചും പള്ളിപെരുന്നാളുകളിലും മറ്റും മോഷണത്തിനിറങ്ങുന്നവരെവരെയും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.