തൊടുപുഴ: നീന്തല്‍ അറിയാവുന്നവരും അല്ലാത്തവരും പുഴയും കുളവും കാണുന്ന ആവേശത്തില്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടമരണങ്ങൾ ജില്ലയില്‍ തുടര്‍ക്കഥയാകുന്നു.
2024 ആഗസ്റ്റ് മുതല്‍ കഴിഞ്ഞ വെള്ളിവരെയുള്ള കണക്കുകള്‍ പ്രകാരം 37മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 32ഉം പുരുഷന്മാരാണ്. അഗ്നിരക്ഷാ സേനയുടെ ഔദ്യോഗിക രേഖകളിലെ വിവരമാണിത്.
തൊടുപുഴ സ്റ്റേഷൻ പരിധിയിലാണ് കൂടുതല്‍, 11 പേര്. കട്ടപ്പന-10, അടിമാലി അഞ്ച്, മൂന്നാര്‍ നാല്, പീരുമേട് മൂന്ന്, മൂലമറ്റം രണ്ട്, നെടുങ്കണ്ടം, ഇടുക്കി ഒന്നുവീതം എന്നിങ്ങനെയാണ് ഓരോ അഗ്നിരക്ഷാ നിലയങ്ങളുടെ പരിധിയിലും റിപ്പോർട്ട് ചെയ്യപ്പെട്ട മുങ്ങിമരണങ്ങൾ. 2023മുതല്‍ 2024 മേയ് വരെ 41 പേരായിരുന്നു ജില്ലയില്‍ മുങ്ങിമരിച്ചത്.
മലങ്കര, ആനയിറങ്ങല്‍, ചെങ്കുളം, പനംകുട്ടി, പാംബ്ല ഡാമുകള്‍, കാളിയാര്‍, കാഞ്ഞിരമറ്റം, മാങ്കടവ്, കുഞ്ചിത്തണ്ണി, പഴയ മൂന്നാര്‍ പുഴകള്‍, മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടം, തേക്കടി കനാല്‍, ത്രിവേണി സംഗമം, പുറക്കയം ആറ്, ഇരട്ടയാര്‍ ടണല്‍, മാലി, പെരുമ്പൻകുത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് മരണങ്ങള് ഉണ്ടായത്. പടുതാക്കുളങ്ങളിലും കിണറുകളിലും വീണുള്ള മരണങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ജലാശയങ്ങളുടെയും പുഴകളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടാണ് ഇടുക്കി. മനോഹാരിത നിറഞ്ഞതെങ്കിലും പലതും അപകടങ്ങൾ ഒളിപ്പിക്കുന്ന പ്രദേശങ്ങൾ കൂടിയാണ്. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികള്‍ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊളിയിടുന്നത്.
വെള്ളത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ അപകടത്തിൽപെടുന്നത്. മുങ്ങിമരണങ്ങള്‍ കുറക്കാനായി ജനങ്ങള്‍ക്കിടയില്‍ ജലസുരക്ഷാ അവബോധം സൃഷ്ടിക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടതെന്ന ആവശ്യം വിവിധ തലങ്ങളില്‍നിന്ന് ഉയരുന്നുണ്ട്.
ഇതര ജില്ലകളില്‍നിന്ന് ഇവിടേക്ക് ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. നീന്തലറിയാതെ പലരും അപകടത്തിൽപെടുകയും ചെയ്യുന്നു.
പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നവർ പാലിക്കേണ്ട മുന്നറിയിപ്പുകൾ കർശനമായി പാലിച്ചാൽ ഒരുപരിധിവരെ ഇത്തരം അപകടങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ കഴിയുമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകുന്നു. ജലസുരക്ഷയെപ്പറ്റി അറിയുക, അവധിക്കാലത്ത് നീന്തല്‍ പരിശീലിപ്പിക്കുക. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്നവരോട് മുതിര്‍ന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ പോകരുതെന്ന് നിര്‍ദേശിക്കുക.
വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോള്‍ കാണുന്നതിനേക്കാള്‍ കുറവായിരിക്കാം. ചളിയില്‍ പൂഴ്ന്നുപോകാനും തല പാറയില്‍ ഇടിക്കാനും സാധ്യതയുണ്ട്. ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റിയാല്‍ ഒരടി വെള്ളത്തില്‍ പോലും മുങ്ങി മരണം സംഭവിക്കാം.
നേരം ഇരുട്ടിയതിന് ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.