തൊടുപുഴ നഗരത്തിലെ സ്കൂൾ വിപണിയിൽനിന്ന്

വൈവിധ്യങ്ങളുടെ കലവറയൊരുക്കി സ്കൂൾ വിപണി ഉണർന്നു

തൊടുപുഴ: പുത്തൻ അധ്യയന വർഷാരംഭത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വൈവിധ്യങ്ങളുടെ കലവറയൊരുക്കി സ്കൂൾ വിപണികൾ ഉണർന്നു. ബാഗ്, കുട, നോട്ട് ബുക്ക്, സ്റ്റേഷനറി സാധനങ്ങൾ, ചെരിപ്പ്, യൂനിഫോം തുടങ്ങി വിവിധ സാമഗ്രികളുമായി ഹൈറേഞ്ചിലും ലോ റേഞ്ചിലും എല്ലാ കടകളിലും തിരക്കേറിക്കഴിഞ്ഞു. സ്കൂൾ വിപണിയിലെ മിക്ക സാധനങ്ങൾക്കും ഈ വർഷം വില വർധിച്ചിട്ടുണ്ടെങ്കിലും അവയൊന്നും കച്ചവടത്തെ ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതോടൊപ്പം മിക്ക കച്ചവടക്കാരും സ്വന്തം നിലയിൽ വിലക്കിഴിവും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

കുരുന്നുകൾക്ക് താൽപര്യം പുതു ട്രെൻഡുകളോട്

സ്കൂൾ വിപണിയിലെത്തുന്ന കുരുന്നുകൾ പുത്തൻ ട്രെൻഡുകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ തിരഞ്ഞെടുക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. പരസ്യങ്ങളും സമൂഹ മാധ്യമങ്ങളും ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ബാഗുകളും കുടകളും ലഞ്ച് ബോക്സുകൾ തുടങ്ങി നെയിം സ്ലിപ്പുകൾ വരെ വ്യത്യസ്തത നോക്കിയാണ് കുട്ടികൾ തിരഞ്ഞെടുക്കുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളുള്ള ബാഗുകൾക്കാണ് കൂടുതൽ പ്രിയം. ത്രീഡി പ്രിന്റുകളുള്ള ബാഗുകൾക്കും വിവിധ ഡിസൈനിലുള്ള ബോക്സുകൾക്കും ആവശ്യക്കാരേറെയാണ്. ഇത് മനസ്സിലാക്കി കുട്ടികളെ ആകർഷിക്കാൻ വിവിധ വർണങ്ങളിലെ കുടകളും ബാഗുകളും ബോക്സുകളുമായി വിപണി സജീവമാണ്.

ബ്രാൻഡുകളനുസരിച്ച് വിലയുയരും

ഉൽപന്നങ്ങളുടെ ബ്രാൻഡുകളനുസരിച്ചാണ് വിലകളിലെ മാറ്റം. 350 രൂപ മുതൽ 2000 രൂപക്ക് മുകളിൽ വരെയുള്ള ബാഗുകളും 250 മുതൽ ആരംഭിക്കുന്ന കുടകളും വിപണിയിലുണ്ട്. സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, അവഞ്ചേഴ്‌സ്, ഡോറ, ഛോട്ടാ ഭീം, ബാര്‍ബി തുടങ്ങിയവ പല പല നിറത്തിലും വലുപ്പത്തിലും ബാഗുകളിലും കുടകളിലുമുണ്ട്. ഇതോടൊപ്പം മഴക്കോട്ടുകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ എന്നിവകളെല്ലാം വിവിധ വിലകളിൽ ലഭ്യമാണ്.

മുതിർന്ന കുട്ടികൾക്കുള്ള വിവിധ ബ്രാൻഡുകളുടെ ബാഗുകൾക്ക്‌ 1000ത്തിന് മുകളിലേക്കാണ് വില. 300 മുതൽ 1000 രൂപവരെയാണ് ടിഫിൻ ബോക്സുകളുടെ വില. 100 രൂപ മുതൽ വാട്ടർ ബോട്ടിലുകളും ലഭ്യമാണ്. ഡിജിറ്റല്‍ പെന്‍സില്‍ ബോക്സും ഇത്തവണ വിപണിയിലുണ്ട്‌. പെന്‍സില്‍ ബോക്സിന്റെ മുന്നിലുള്ള ഡിസ്‌പ്ലേ സ്ക്രീനില്‍ എഴുതുകയും വരക്കുകയും ചെയ്യാമെന്നതാണ് പ്രത്യേകത. എഴുതുന്നത് ഡിലീറ്റ് ചെയ്യാനുള്ള ബട്ടണുമുണ്ട്. 200ന് മുകളിലേക്കാണ് വില.

നോട്ട് ബുക്കിലും നെയിം സ്ലിപ്പിലും പുതുമകൾ

നോട്ട്‌ ബുക്ക്‌ വിപണിയും സജീവമായിട്ടുണ്ട്. ചെറിയ നോട്ട്ബുക്കുകൾക്ക് 25 മുതലും 200 പേജുള്ള വലിയ നോട്ട്ബുക്കുകൾക്ക് 40 രൂപ മുതലുമാണ് വില. സ്ഥാപനങ്ങൾ ഇതിലും ഓഫറുകൾ നൽകുന്നുണ്ട്. അഞ്ച് ബുക്കുകളുടെ സെറ്റ് ഒരുമിച്ചെടുക്കുന്നവർക്ക് നിശ്ചിത ശതമാനം ഇളവ് പല കടകളിലും നൽകുന്നുണ്ട്. ഇതോടൊപ്പം നെയിം സ്ലിപ്പിലും വ്യത്യസ്തതകളുണ്ട്. പരമ്പരാഗത രീതിയിലുള്ളവ മുതൽ കുട്ടികളുടെ ഫോട്ടോ പ്രിന്റ് ചെയ്തവ വരെ ഇക്കൂട്ടത്തിൽപെടും. ഇതിനെല്ലാം ഇനവും തരവും അനുസരിച്ച് നിരക്കുകളും ഉയരും. ഇതോടൊപ്പം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സഹകരണ സ്ഥാപനങ്ങളും സ്കൂൾ വിപണികൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ വിലക്കിഴിവിലാണ് സ്കൂൾ സാധനങ്ങൾ വിറ്റഴിക്കുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം.

Tags:    
News Summary - The school market has awakened, providing a storehouse of diversity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.