തൊടുപുഴ: മണ്ണിന്റെ ഫലപുഷ്ടിയും ഏത് കൃഷിക്കാണ് പ്രദേശം അനുയോജ്യമെന്നും കണ്ടെത്താൻ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ തോറും സോയിൽ മാപ്പിങ്ങുമായി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്. ദേവികുളം താലൂക്കിലെ 10 പഞ്ചായത്തിലും ഉടുമ്പൻചോല പഞ്ചായത്തിലെ രണ്ട് താലൂക്കിലുമാണ് മാപ്പിങ് നടക്കുന്നത്.
തൊടുപുഴ മുനിസിപ്പാലിറ്റിയിലും മറ്റ് പഞ്ചായത്തുകളിലും സോയിൽ മാപ്പിങ് പൂർത്തിയായിട്ടുണ്ട്. മാപ്പിങ്ങിൽ ഓരോ സോയിൽ യൂനിറ്റുകളായി പഞ്ചായത്തുകളെ തിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് ഏത് കൃഷി ചെയ്യുന്നതായിരിക്കും ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്താൻ കഴിയും.
സോയിൽ സർവേ ഓഫിസർമാരുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. മാപ്പിങ് ചെയ്ത് കഴിഞ്ഞാൽ ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധിച്ച് മാർക്ക് ചെയ്ത് കൃത്യത ഉറപ്പാക്കി റിപ്പോർട്ട് ആക്കുകയാണ് ചെയ്യുന്നത്. മൂന്ന് പഞ്ചായത്തിൽ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളൂ. പൂർത്തിയാക്കിയവ സമർപ്പിച്ചിട്ടുണ്ടെന്നും ഘട്ടം ഘട്ടമായി ഇവ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മണ്ണിന്റെ ഫലപുഷ്ടി നിർണയിക്കുന്നതിൽ പ്രധാന മൂലകങ്ങളുടെയും മറ്റ് ഭൗതിക ഗുണങ്ങളുടെയും അളവ് ശാസ്ത്രീയമായി നിജപ്പെടുത്തുന്നതിനെയാണ് മണ്ണ് പരിശോധനയെന്ന് പറയുന്നത്. പ്രത്യേക രീതിയില്‍ മണ്ണ് ശേഖരിച്ച് ഉണക്കി കൃഷിഭവന് വഴി ലാബില്‍ കൊടുത്ത് കാത്തിരുന്നാണ് സാധാരണ ഫലം അറിയുന്നത്. ഇതിന് ഏറെ നാളത്തെ കാത്തിരിപ്പടക്കം ആവശ്യമാണ്. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി മണ്ണ് എന്ന മൊബൈൽ ആപ്ലിക്കേഷന്റെ ജോലികളും ജില്ലയിൽ പുരോഗമിക്കുകയാണ്.
ഇതിനുപകരം ഒരു പ്രദേശത്തെ മണ്ണിൽ ചവിട്ടി നിൽക്കുന്ന ഒരാൾക്ക് ഓരോ തുണ്ട് ഭൂമിയിലെയും മണ്ണിന്റെ പോഷകനില മനസ്സിലാക്കാനും അതനുസരിച്ച് വളപ്രയോഗം നടത്താനുമുള്ള വിവരങ്ങളാണ് മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകുന്നത്. പ്ലേ സ്റ്റോറില്‍നിന്ന് മണ്ണ് എന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് ജി.പി.എസ് ഓണാക്കിയാൽ നിങ്ങള്‍ നില്ക്കുന്നയിടത്തെ മണ്ണിലുള്ള മൂലകങ്ങളും പ്രത്യകതകളുമെല്ലാം വിരല്‍തുമ്പിലെത്തും. ഓർഗാനിക് കാര്‍ബണ്‍, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, പി.എച്ച് മൂല്യം എന്നിവയെല്ലാം വിശദീകരിക്കും.
ഏത് വളമാണ് ചേര്ക്കേണ്ടെതെന്ന വിവരമടക്കം ഇതിലൂടെ മനസ്സിലാക്കാം. കാപ്പി, നെല്ല് തുടങ്ങി 21 വിളകളും ആപ്പിലുണ്ട്. നിങ്ങളുടെ മണ്ണില്‍ ഏത് വിള കൃഷിചെയ്യാമെന്ന് എളുപ്പത്തിലറിയാം എന്നതാണ് ആപ്പിന്റെ പ്രത്യേകത. മണ്ണ് പര്യവേഷണകേന്ദ്രം 2015 മുതല്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.