വണ്ണപ്പുറം: തൊടുപുഴയില്‍നിന്ന് കരിമണ്ണൂര്‍, തൊമ്മന്‍കുത്ത്, മണിയന്‍സിറ്റി, മുണ്ടന്‍മുടി അച്ചന്‍കവല വഴി ഹൈറേഞ്ചിലേക്ക് ബസ് സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിവേദനം നല്‍കി. സംസ്ഥാന ഗതാഗതവകുപ്പിനും ഇടുക്കി ആര്‍.ടി.ഒക്കും തൊടുപുഴ കെ.എസ്.ആര്‍.ടി.സി എ.ടി.ഒക്കുമാണ് നിവേദനം നല്‍കിയത്. അടുത്തനാളിലാണ് നെയ്യശ്ശേരി-തോക്കുമ്പന്‍ റോഡിന്‍റെ ഭാഗമായ കരിമണ്ണൂർ മുതല്‍ മുണ്ടന്‍മുടി അച്ചന്‍കവല വരെ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ തൊടുപുഴയിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള വാഹനങ്ങള്‍ക്ക് വണ്ണപ്പുറം കൂടാതെ കുറഞ്ഞദൂരത്തില്‍ മുണ്ടന്‍മുടി അച്ചന്‍കവല വഴി ആലപ്പുഴ - മധുര സംസ്ഥാന പാതയുമായി സന്ധിക്കാൻ കഴിയും. റോഡ് തുറന്നതോടെ ഹൈറേഞ്ചിൽനിന്നുള്ള വാഹനങ്ങളെല്ലാം ഇതുവഴിയാണ് തൊടുപുഴക്കും ഉടുമ്പന്നൂര്‍, ആലക്കോട് ഭാഗങ്ങളിലേക്കും പോകുന്നത്.
കരിമണ്ണൂര്‍, മുളപ്പുറം, തൊമ്മന്‍കുത്ത്, നാരങ്ങാനം ഉള്‍പ്പെടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുകൂടി ഹൈറേഞ്ചിലേക്ക് ഇതുവരെ ബസ് സര്‍വിസ് തുടങ്ങിയില്ല. അടിമാലി, മൂന്നാർ, കട്ടപ്പന, നെടുംകണ്ടം ഭാഗത്തേക്ക് ഇതു വഴി ബസ് സര്‍വിസ് തുടങ്ങിയാൽ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം പഞ്ചയത്തുകളിലെ യാത്രക്കാര്‍ക്ക് വലിയ ഗുണം ചെയ്യും. വണ്ണപ്പുറം പഞ്ചായത്തിലെ നാരങ്ങാനം പ്രദേശത്തുകാരുടെ നീണ്ടകാലത്തെ ആഗ്രഹവുമാണ് തങ്ങളുടെ നാട്ടിലൂടെ ബസ് സര്‍വിസ് തുടങ്ങണമെന്നത്. ഇവിടുത്തുകാർക്ക് ബസ് യാത്രക്ക് തൊമ്മൻകുത്തിലോ അച്ചൻകവലയിലോ എത്തേണ്ട സ്ഥിതിയാണ്. ഇതുവഴി ബസ് സർവിസ് തുടങ്ങിയാൽ ആനചാടികുത്ത്, തൊമ്മന്‍കുത്ത് എന്നീ ടൂസിസ്റ്റ് കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികള്‍ക്കും പ്രയോജനപ്പെടും.
പണി പൂർത്തിയായ റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറാൻ കെ.എസ്.ടി.പി വൈകുന്നതാണ് ബസ് സര്‍വിസ് ആരംഭിക്കാൻ തടസ്സം. നെയ്യശ്ശേരി തോക്കുമ്പൻ റോഡില്‍ ഇനി അവശേഷിക്കുന്ന പണി നാൽപതേക്കർ ശാന്തിക്കാട് ക്ഷേത്രത്തിന് സമീപത്തെ കലുങ്കും തൊമ്മന്‍കുത്ത് കണ്ണാടിപ്പുഴക്ക് കുറുകെ പാലവും മാത്രമാണ്. ഇതില്‍ കലുങ്കുപണി നടന്നുകൊണ്ടിരിക്കുകയാണ്. പാലം പണി സെപ്റ്റംബറിൽ തുടങ്ങണമെന്നാണ് കെ.എസ്.ടി.പി പറയുന്നത്.
താൽക്കാലിക ഗതാഗത സംവിധാനം പാലംപണിക്കും കലുങ്കുപണിക്കും വേണ്ടി ഒരുക്കുമെന്നതിനാൽ ബസ് സര്‍വിസ് തുടങ്ങുന്നതിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.