തൊടുപുഴ: തൊടുപുഴ നഗരത്തിലൂടെ ചീറിപ്പാഞ്ഞ് വരുന്ന ബസുകളെ പേടിച്ച് യാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും റോഡിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തിരക്കേറിയ നഗരവീഥികളിലൂടെ ഇതര വാഹന യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ഹോൺ മുഴക്കുക, ഹെഡ് ലൈറ്റുകൾ തെളിയിക്കുക, തുടങ്ങിയവ ഏതാനും സ്വകാര്യ ബസ് ഡ്രൈവർമാരുടെ സ്ഥിരം കലാപരിപാടിയായി മാറുകയാണ്. പിന്നിൽ നിന്നുമുള്ള ബഹളവും ലൈറ്റും മൂലം ചില ചെറു വാഹന ഡ്രൈവർമാർ ആശങ്കയിലാവുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
കടന്ന് പോകുവാൻ സ്ഥലം ഇല്ലെങ്കിലും ചില സ്വകാര്യ ബസ് ഡ്രൈവർമാർ നിയമം കാറ്റിൽപറത്തി മറികടക്കാൻ ശ്രമിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നു. ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് റൗണ്ടിൽ കാറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു. റൗണ്ടിന് സമീപമുള്ള ഡിവൈഡർ ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം. കാറിന്റെ ഒരു വശത്ത് തകരാർ സംഭവിച്ചു. എന്നാൽ, കുറ്റം കാർ ഡ്രൈവറുടെ മേൽ ആരോപിച്ച് സംഘടിതരായ സ്വകാര്യ ബസ് ജീവനക്കാർ കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. അപകടം സംഭവിച്ചിട്ടും പൊലീസിൽ അറിയിക്കാതെ സ്വകാര്യ ബസ് അവിടെ നിന്നും മാറ്റുകയും ചെയ്തു.
നിയമപാലകർക്ക് ‘നോ ടൈം’
ഇത്തരം സംഭവങ്ങളിൽ പൊലീസ് സംവിധാനം വേണ്ട നടപടി എടുക്കാത്തതാണ് വീണ്ടും നിയമം ലംഘിക്കുവാൻ ചില സ്വകാര്യ ബസ് ഡ്രൈവർമാർ ധൈര്യപ്പെടുന്നത്. ട്രാഫിക് റൗണ്ടിൽ പാലിക്കേണ്ട മര്യാദകൾ ഇവരിൽ പലരും പാലിക്കാറില്ല. ട്രാഫിക് റൗണ്ടിന് സമീപം ഇടത് വശത്ത് കൂടി സ്വകാര്യ ബസുകൾ ഇതര വാഹനങ്ങളെ മറികടക്കുന്നത് പതിവ് കാഴ്ചയാണ്. തൊടുപുഴ നഗരത്തിലെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിക്കുവാൻ പൊലീസ് - മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറാകണമെന്ന് ജനം ആവശ്യപ്പെടുന്നു.
പലപ്പോഴും വെങ്ങല്ലൂർ സിഗ്നലിൽ റോഡിലെ മിഡിൽ വെള്ളവര ക്രോസ് ചെയ്താണ് ബസുകൾ നിർത്തിയിടുന്നത്. ഇത് എതിർവശത്ത് സിഗ്നൽ ക്ലിയർ കിട്ടി വരുന്ന വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചെറിയ റോഡുകളിൽ ലൈറ്റിട്ട് അമിത വേഗതയിൽ ഫ്ളാഷ് മിന്നിച്ച് ഭയപ്പെടുത്തിയുള്ള ഓവർടേക്കിങ്ങും പതിവാണ്. കെ.എസ്.ആർ.ടി.സി ആകട്ടെ സ്വകാര്യ ബസുകളാകട്ടെ സിഗ്നലിട്ട് വാഹനം തിരിക്കാനൊന്നും മിനക്കെടാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.