അടിമാലി ടൗണിലുണ്ടായ വെള്ളക്കെട്ട്
അടിമാലി: ശനിയാഴ്ച അടിമാലിയിൽ പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപാരികൾക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. നൂറോളം കടകളിലാണ് വെള്ളം കയറിയത്. ലൈബ്രറി റോഡിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ദേശീയപാതയിൽ വി.ടി ജങ്ഷൻ മുതൽ ഇടപ്പാട്ട് ജങ്ഷൻ വരെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്.
ഓണസീസൻ മുൻകൂട്ടി വലിയ മുന്നോരുക്കങ്ങൾ നടത്തിയ വ്യാപാരികൾക്ക് അതിതീവ്ര മഴയിൽ വലിയ നഷ്‌ടമാണ് ഉണ്ടായത്. വെള്ളം കയറിയ കടകളിലെ സാധനങ്ങളെല്ലാം നശിച്ച അവസ്ഥയിലാണ്. അധികൃതർ ഇവയുടെ വ്യക്തമായ കണക്കെടുത്ത് നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമായി.
2018 ലെ മഹാപ്രളയത്തിന് ശേഷം ഇത്ര വലിയ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഈ മാസം രണ്ടാം തവണയാണ് അടിമാലി മേഖലയിൽ അതിതീവ്ര മഴയിൽ വെള്ളക്കെട്ട് ഉണ്ടായത്. പൊളിഞ്ഞപാലം, മില്ലുംപടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങുകയും വീടുകളിലടക്കം വെള്ളം കയറുകയും ചെയ്തു. വെള്ളത്തൂവൽ, കല്ലാർകുട്ടി മേഖലയിൽ വ്യാപകമായി മണ്ണിടിയുകയും ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തു.
ഞായറാഴ്ച മഴക്ക് അൽപ്പം ശമനം ഉണ്ടായെങ്കിലും പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ഇരുണ്ടുമൂടിയ കാലാവസ്ഥയായതിനാൽ വലിയ ആശങ്കയിലാണ് ജനം.
അടിമാലി: അടിമാലി മേഖലയിലുണ്ടായ അതിതീവ്ര മഴയിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അടിമാലി ഗവ. ഹൈസ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. കൂടുതൽ കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിട്ടുണ്ടെന്ന് അടിമാലി വില്ലേജ് ഓഫിസർ പറഞ്ഞു. മൂന്ന് കുടുംബങ്ങളിലെ എട്ടുപേരാണ് ക്യാമ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.