മുട്ടം കോടതി ജങ്ഷനിൽ റോഡ് കുത്തിപ്പൊളിച്ച നിലയിൽ
മുട്ടം: കോടതി ജങ്ഷനിലൂടെ വാഹനം ഓടിക്കണമെങ്കിൽ ഡ്രൈവർമാർക്ക് അപാര കഴിവ് വേണം. റോഡ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്; ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. ഇതാണ് മുട്ടം കോടതി ജങ്ഷൻ മുതൽ പെരുമറ്റം വരെയുള്ള സംസ്ഥാന പാതയുടെ ഇപ്പോഴത്തെ അവസ്ഥ. ജൽജീവൻ പദ്ധതിക്കായി പെരുമറ്റം മുതൽ മുട്ടം ഭാഗത്തേക്കുള്ള റോഡ് കുത്തിപ്പൊളിച്ചിട്ട് നാളേറെയായിട്ടും പുനർനിർമാണം പൂർത്തിയാക്കിയിട്ടില്ല. റോഡിന്റെ പകുതി ഭാഗത്ത് മാത്രമാണ് നിലവിൽ ടാറിങ്ങുള്ളത്. കുത്തിപ്പൊളിച്ച ഭാഗത്ത് ടാറിങ് നടത്തുന്നതിന്റെ ഭാഗമായി മെറ്റൽ വിരിച്ചിട്ടുണ്ടെങ്കിലും എം.വി.ഐ.പി ഓഫിസിന് മുന്നിലെ മലങ്കര ഡാം കവാടം വരെയേ ഇത് എത്തിയിട്ടുള്ളൂ. ശേഷിക്കുന്ന ഭാഗം കുണ്ടും കുഴിയുമായി കിടക്കുകയാണ്.
ഇതിനിടെയാണ് ടാറിങ് ചെയ്ത ഭാഗത്ത് കെ.എസ്.ഇ.ബി അധികൃതർ കേബിൾ സ്ഥാപിക്കുന്നതിനായി വീണ്ടും വലിയ കുഴികൾ എടുക്കുന്നത്. ഇതോടെ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള റോഡിന്റെ വീതിയും ഗണ്യമായി കുറഞ്ഞു. കുഴിയെടുത്ത മണ്ണ് റോഡിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നതിനാൽ അപകടസാധ്യതയും വർധിച്ചു. ഊരക്കുന്ന് പള്ളി ജങ്ഷന് സമീപത്തെ വളവിൽ റോഡിന് നടുവിലായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് കാൽനടയാത്രക്കാരനായ ഏഴാംമൈൽ സ്വദേശി ബിജുവിന് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.
കോടതിക്കവലക്ക് സമീപം പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്ന പെട്രോൾ പമ്പിന് മുന്നിലും സ്ഥിതി വ്യത്യസ്തമല്ല. റോഡിന്റെ ഇരുവശങ്ങളിലും കുഴിയും കിടങ്ങുമായി കിടക്കുന്നതിനാൽ ഗതാഗതം ദുഷ്കരമാണ്. ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. ഇരുദിശകളിൽനിന്നും വരുന്ന വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻപോലും മതിയായ വീതിയില്ലാത്ത അവസ്ഥയാണ്. മഴക്കാലം കൂടി ആയതോടെ ദുരിതം ഇരട്ടിയായി. റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ മഴവെള്ളം കെട്ടിനിൽക്കുകയും കുഴികൾ കൂടുതൽ അപകടകരമാകുകയും ചെയ്യുന്നു.
റോഡിന് വീതിയില്ലാത്തതിനാൽ കുത്തിപ്പൊളിച്ച ഭാഗത്തുകൂടി വാഹനങ്ങൾ ഇറക്കി ഓടിക്കേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. റോഡിന്റെ കട്ടിങ്ങിൽ വാഹനങ്ങൾ ചാടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് എത്രയും വേഗം പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും ആവശ്യം. റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ വൈകുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരന്തരം സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
എന്നിട്ടും റോഡിന്റെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് റോഡിലെ കുഴികളും കിടങ്ങുകളും നികത്തി ഗതാഗതം സുഗമമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.