1. കല്ലാർ കുട്ടിയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടനിലയിൽ, 2. അടിമാലി ഫയർ സ്റ്റേഷൻ പടിയിൽ ദേശീയപാതയിൽ വെള്ളം കുത്തിയൊഴുകുന്നു, 3. അടിമാലി ലൈബ്രറി റോഡിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയ നിലയിൽ

മ​ഴ ക​ന​ത്തു; അ​ടി​മാ​ലി മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം

അടിമാലി: മേഖലയിൽ ശനിയാഴ്ച ഉച്ചയോടെ പെയ്ത ശക്തമായ മഴയിൽ വ്യാപക നാശം. കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അടിമാലി ലൈബ്രറി റോഡിൽ വെള്ളം ഉയർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഇവിടെ ലക്ഷങ്ങളുടെ നഷ്‌ടമാണ് പ്രാഥമിക കണക്ക്. വാളറ വനമേഖലയിൽ ശക്തമായ മഴപെയ്തതോടെ ജനം ഭീതിയിലായി. ശനിയാഴ്ച രാവിലെ മുതൽ ശക്തമായ മഴ ഉണ്ടായിരുന്നെങ്കിലും ഉച്ചയോടെ രൗദ്രഭാവത്തിൽ എത്തുകയായിരുന്നു.

കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ അടിമാലി ലക്ഷം വീട് ഉന്നതിയോട് ചേർന്ന് മണ്ണിടിച്ചിലുണ്ടായി. ദേശീയപാതയിൽ ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മല വിണ്ടുകീറി നിൽക്കുന്നതിനാൽ ഇവിടെ വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കഴിഞ്ഞ മണ്ണിടിച്ചിലിൽ ലക്ഷംവീട് ഉന്നതിയിലടക്കം വീട് നഷ്‌ടമായവർ ഇപ്പോഴും പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം തുടരുന്നതിനാൽ ഇവിടെ ജനങ്ങളുടെ സാന്നിധ്യം ഇല്ലായെന്ന ആശ്വാസത്തിലാണ് അധികൃതർ. ദേശീയ പാതയിൽ സബ്‌സ്റ്റേഷൻ പടിയിൽ വെള്ളംപൊങ്ങി വാഹന ഗതാഗതം തടസ്സപ്പെട്ടു. ടൗണിൽ എല്ലായിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ ആശങ്കക്ക് കാരണമായി. വാളറ മുതൽ നേര്യമംഗലം വരെ വനമേഖലയിൽ ശക്തമായ മഴയാണ്. ഇതോടെ വാഹന ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

കല്ലാർകുട്ടിക്കും കത്തിപ്പാറക്കും ഇടയിൽ വലിയതോതിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതോടൊപ്പം ആറാംമൈലിൽ മരം വീണും ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

Tags:    
News Summary - മ​ഴ ക​ന​ത്തു; അ​ടി​മാ​ലി മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.