പീരുമേട് ഇരട്ട കൊലക്കേസ് പ്രതി പ്രിൻസിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
ഇരട്ട കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
പീരുമേട്: പാമ്പനാർ ഗ്ലെൻ മേരി തേയില തോട്ടത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രിൻസിനെ (40) സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ബുധനാഴ്ച രാത്രി എട്ടിനാണ് ഭാര്യ പ്രിയങ്ക (30), ഭാര്യാമാതാവ് നേശം (60) എന്നിവരെ വെട്ടി കൊലപ്പെടുത്തുകയും ഭാര്യാപിതാവ് ഇസ്രവേലിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്. ഗുരുതരമായി വെട്ടേറ്റ ഇസ്രവേൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയുമായി അകന്നുകഴിയുന്ന പ്രിൻസും തൊട്ടടുത്ത ലയത്തിലാണ് താമസിക്കുന്നത്. പ്രിയങ്ക താമസിക്കുന്ന ലയത്തിലെത്തിയ ഇയാൾ നേശത്തെ വെട്ടി കൊലപ്പെടുത്തി വീട്ടിനുള്ളിൽനിന്ന് ഇറങ്ങിവരവേയാണ് പ്രിയങ്ക എത്തിയത്. ലയത്തിന്റെ മുന്നിൽവെച്ച് പ്രിയങ്കയെയും വെട്ടി. തുടർന്ന് പ്രിയങ്കയുടെ അലർച്ച കേട്ട് ഇസ്രവേൽ എത്തിയപ്പോൾ ഇയാളെയും വെട്ടുകയായിരുന്നു. വിദേശത്തായിരുന്ന പ്രിയങ്ക രണ്ട് മാസം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്.
ഇതിനുശേഷം പാമ്പനാറ്റിലെ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. ഇവർ നാട്ടിൽ എത്തിയതിന് ശേഷം ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാവുകയും പ്രിയങ്ക പീരുമേട് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസ് പരാതിയിൽ ഉദാസീനത കാണിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സമീപവാസികൾ പറഞ്ഞു. പ്രിയങ്കയുടെ പരാതിയിൽ ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ പൊലീസിന് സാധിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സമീപ വാസികളിൽ നിന്നും കടുത്ത രോഷം ഉയർന്നു. ഇതിനെയെല്ലാം അവഗണിച്ച് ഒരു കൂസലുമില്ലാതെ സംഭവം നടന്ന സ്ഥലം, കൊലപ്പെടുത്താനുപയോഗിച്ച കത്തി, വസ്ത്രം, ചെരുപ്പ് എന്നിവ പ്രതി പൊലീസിന് കാണിച്ചു നൽകി. കൃത്യം നടത്തിയതും വിവരിച്ചു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.