ഉപ്പുകുന്ന്: പതിറ്റാണ്ടുകളായി കൈവശം വെച്ച് കൃഷി ചെയ്യുന്ന കൃഷിയിടം ഇന്നും സ്വന്തമെന്ന് കാണിക്കാന്‍ വേണ്ട പട്ടയം ലഭിക്കാതെ ഉപ്പുകുന്ന് നിവാസികൾ. പട്ടയമില്ലാത്തതിനാല്‍ ഇവര്‍ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും പുറത്താണ്.
അഞ്ഞൂറില്പരം കുടുംബങ്ങളാണ് ഉപ്പുകുന്നിലുള്ളത്. ഇവരിൽ 50 കുടുംബങ്ങള്‍ക്കുമാത്രമാണ് ഇതുവരെ പട്ടയം കിട്ടിയിട്ടുള്ളത്. ഇവരിൽ പലരുടെയും സ്ഥലത്തിന്റെ ഫെയർ വാല്യൂ നിശ്ചയിച്ചിട്ടുമില്ല. കർഷകരും ആദിവാസികളും ഉള്‍പ്പെടെ കുടുംബങ്ങള്‍ ഉപ്പുകുന്നിൽലുണ്ട്. ഇവരുടെ സ്ഥലത്തിന് പട്ടയം കിട്ടാനുള്ള സര്‍വേ നടപടികളാണ് അനന്തമായി വൈകുന്നത്. സർവേ ഉദ്യോഗസ്ഥര്‍ വല്ലപ്പോഴും എത്തി കുറച്ച് സ്ഥലം അളക്കും. പിന്നീട് കുറച്ച് നാൾ ഇവരെ കാണാനേയുണ്ടാകില്ല. ഓഫിസിൽ അന്വേഷിച്ചാൽ തിരക്കാണ്, ജീവനക്കാരില്ല എന്നൊക്കെയാകും മറുപടി.
ഓരോ കുടുംബത്തിന്റെയും സ്ഥലം അളന്ന് സ്കെച്ചും പ്ലാനും തയാറാക്കി സർവേ വിഭാഗം റവന്യു പട്ടയ വിതരണവിഭാഗത്തിന് കൈമാറി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങളാണ് എടുക്കുന്നത്. കഴിഞ്ഞ ദിവസം ഉപ്പുകുന്നിൽ സർവേ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ജോലി തുടങ്ങാതെ തിരികെപ്പോയി. ഇതിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലും തർക്കങ്ങളും ആണെന്ന് കർഷകർ ആരോപിക്കുന്നു.
സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പട്ടയം നൽകാൻ നടപടി വേണമെന്ന് കർഷക കുടുംബങ്ങൾ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ഉപ്പുകുന്നിൽ സർവേ ജോലികൾക്ക് എത്തിയെങ്കിലും ചില പരാതികളും ആക്ഷേപങ്ങളും ഉണ്ടായതിനാൽ തുടരാൻ കഴിഞ്ഞില്ലെന്നും പരാതികൾ പരിഹരിച്ച് സർവേ വൈകാതെ തുടങ്ങുമെന്നും കരിമണ്ണൂർ ലാൻഡ് അസൈൻമെന്റ് ഡെപ്യൂട്ടി താഹസിൽദാർ ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.