അടിമാലി: ഓണാവധിക്കാലത്ത് മൂന്നാറിലേക്കും ഇടുക്കിയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ജില്ല കലക്ടറുടെ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. അവധി ആഘോഷിക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇക്കൊല്ലം ഇടുക്കി സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതുകൂടി കണക്കിലെടുത്ത് ശാസ്ത്രീയ ഗതാഗതനിയന്ത്രണവും ടൂറിസം കേന്ദ്രങ്ങളിൽ മതിയായ സൗകര്യവും ഒരുക്കണമെന്നാണ് ആവശ്യം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. ഇതിലും കൂടുതൽ ആളുകൾ വന്നെത്തുന്ന ഓണാവധിക്ക് കൃത്യമായ ഗതാഗത നിയന്ത്രണം ഇല്ലെങ്കിൽ സ്ഥിതിഗതികൾ ഇതിലും രൂക്ഷമാകും. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതിനേക്കാൾ ശ്രദ്ധയോടെയും പ്ലാനിങ്ങോടെയും മാത്രമേ ഈ തിരക്ക് നിയന്ത്രിക്കാനാകൂ. അതിനുള്ള നടപടികൾ ജില്ല ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണം. കൃത്യമായ ട്രാഫിക് നിയന്ത്രണത്തോടൊപ്പം തിരക്കിനനുസൃതമായി മാത്രം വാഹനങ്ങൾ കയറ്റിവിടുകയും വേണം. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നുമെത്തുന്ന സഞ്ചാരികൾക്ക് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഇടുക്കിയെ കുറിച്ചുള്ള മതിപ്പ് കുറക്കുനും ഇടയാക്കും.
അതുകൊണ്ടുതന്നെ, തദ്ദേശ സ്ഥാപനങ്ങളെയും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരേയും വ്യാപാരികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി വേണം ഇതിനുവേണ്ട രൂപരേഖ തയാറാക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇക്കാര്യങ്ങളിൽ അടിയന്തര ശ്രദ്ധനൽകി വേണ്ടനടപടി സ്വീകരിക്കണമെന്ന് ഡി.സി.സി അംഗം അരുൺ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.