തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ ഭാഗമായ പെരുമാങ്കണ്ടം മുതല്‍ മുസ്ലിംപള്ളി കോട്ടക്കവല വരെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ നിയോഗിച്ച സര്‍വേ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളി. പുതിയ റിപ്പോര്‍ട്ട് അടിയന്തരമായി തയാറാക്കി നല്‍കാനും ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിട്ടു. പാതയുടെ ഒന്നാംഘട്ടത്തില്‍ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെയുള്ള 16.75 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായിവരുകയാണ്. തുടര്‍ന്നുള്ള റോഡ് അളന്നുതിരിച്ച് കല്ലിടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
പെരുമാങ്കണ്ടം മുതല്‍ ഈസ്റ്റ് കലൂര്‍, വാഴക്കാല, മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള മൂന്നുകിലോമീറ്റര്‍ ഭാഗത്തെ കോട്ട പുറമ്പോക്കിന്റെ ഭൂരിഭാഗം സ്ഥലവും സ്വകാര്യവ്യക്തികളുടെ കൈവശത്താണ്. ഇത് അളന്നുതിരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വേ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും തൊടുപുഴ ഭൂരേഖ തഹസില്‍ദാറോട് റോഡ് അളന്നുതിരിക്കുന്നതിന് മതിയായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ സംഘം സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തൊടുപുഴ ഭൂരേഖ തഹസില്‍ദാര്‍ക്ക് കൈമാറിയിരുന്നു.
കോട്ടക്കവല മുതല്‍ കുമാരമംഗലം വില്ലേജ് അതിര്‍ത്തിവരെ 70 മീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ വീതിയിലും ടാറിങ് നടത്തിയ പുറമ്പോക്ക് റോഡും തുടര്‍ന്ന് 85ഓളം മീറ്റര്‍ നീളത്തിലും ശരാശരി 12 മീറ്റര്‍ വീതിയിലും 64 മീറ്ററോളം നീളത്തിലുമുള്ള ഭാഗം തരിശാണ്. ബാക്കിയുള്ള കുമാരമംഗലം വില്ലേജ് അതിര്‍ത്തിവരെയുള്ള 850 മീറ്ററോളം ദൂരത്തില്‍ കൃഷി ദേഹണ്ഡങ്ങള്‍ ഉള്ളതും കരിമണ്ണൂര്‍ വില്ലേജിന്റെ മുന്‍ റെക്കോഡുകള്‍ പ്രകാരം പുറമ്പോക്ക് ഇല്ലാത്തതുമാണ്.
ഈ സാഹചര്യത്തില്‍ കോട്ടക്കവല മുതല്‍ കുമാരമംഗലം വില്ലേജ് അതിര്‍ത്തിവരെ ശരിയായ വീതിയില്‍ റോഡ് നിര്മിക്കണമെങ്കില് ഭൂമി ഏറ്റെടുക്കല്‍ നടപടി ആവശ്യമാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്. സ്വകാര്യവ്യക്തികളുടെ കൈവശത്തിലുള്ള കോട്ട പുറമ്പോക്ക് ഭൂമി പൊന്നുംവില നല്കി ഏറ്റെടുക്കണമെന്ന വിചിത്ര റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മൂവാറ്റുപുഴ-തേനി ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഫാ.ജോസ് കിഴക്കേല്‍, വൈസ് ചെയര്മാന് എം.ജെ. ജോണ്‍ മാറാടികുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.