നിർമാണം പൂർത്തിയാകുന്ന അറക്കുളം സമഗ്ര കുടിവെള്ള
പദ്ധതി
മുട്ടം: അറക്കുളം, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. അറക്കുളം ഹൈ ലെവല്‍, ലോ ലെവല്‍ സോണ്‍ സമഗ്ര ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നതോടെയാണ് ലക്ഷ്യം സാക്ഷാത്കരിക്കുന്നത്.
ഹൈ ലെവല്‍ സോണ്‍ പദ്ധതിയിലൂടെ ഇരു പഞ്ചായത്തുകളിലുമായി ആകെ 2223 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് ലഭ്യമാവുക. ഇതില്‍ അറക്കുളത്ത് 1812 കണക്ഷനുകളും വെള്ളിയാമറ്റത്ത് 411 കണക്ഷനുകളും നല്‍കും. പദ്ധതിക്കായി 39.76 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ശുദ്ധീകരിച്ച ജലം കുളമാവിലെ ശുദ്ധീകരണ ശാലയ്ക്ക് സമീപം നിർമിക്കുന്ന ടാങ്കില്‍ ശേഖരിച്ച് പോത്തുമറ്റം, നാടുകാണി വ്യൂ പോയിന്റ് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ടാങ്കുകളിലേക്കും നിലവിലെ നവോദയ ടാങ്കിലേക്കും എത്തിക്കും.
മൊത്തം 13 ടാങ്കുകളില്‍ നിന്നായി 58,514 മീറ്റര്‍ (ഏകദേശം 58.5 കിലോമീറ്റര്‍) ദൂരത്തില്‍ സ്ഥാപിക്കുന്ന വിതരണ ശൃംഖലയിലൂടെ അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രതിദിനം 30 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള കുളമാവില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം 69 ശതമാനം പൂര്‍ത്തിയായി. ഇടുക്കി റിസര്‍വോയറിന്റെ ഭാഗമായ കുളമാവ് തടാകമാണ് പദ്ധതിയുടെ ജലസ്രോതസ്. ഇവിടെ ആറ് മീറ്റര്‍ വ്യാസമുള്ള കിണര്‍ നിർമാണം 75 ശതമാനം പൂര്‍ത്തിയായി.
കോഴിപ്പള്ളി (രണ്ട് ജലസംഭരണികള്‍), തുമ്പിച്ചി, വഴിക്കിണര്‍, തടിയനാല്‍, കരിപ്പലങ്ങാട്, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സമീപം, പോത്തുമറ്റം, നാടുകാണി വ്യൂ പോയിന്റ് എന്നിവിടങ്ങളിലെ ടാങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 8987.5 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് അറക്കുളത്ത് 90 കണക്ഷനുകളും വെള്ളിയാമറ്റത്ത് 316 കണക്ഷനുകളും ഉള്‍പ്പെടെ മൊത്തം 406 കണക്ഷനുകള്‍ ഇതിനകം നല്കി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.