ചൊക്രമുടിയിൽ പൂവിട്ട നീലക്കുറിഞ്ഞി
തൊടുപുഴ: ഓണാവധി ആഘോഷമാക്കാൻ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജ്ജമായി. വർഷത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഓണം സീസൺ ഇത്തവണ മഴ കൊണ്ടുപോകുമോയെന്ന ആശങ്ക വിനോദസഞ്ചാര മേഖലയിൽനിന്ന് ഉയർന്നിട്ടുണ്ട്. എങ്കിലും വരുംദിവസങ്ങളിൽ മാനം തെളിയുമെന്ന് തന്നെയാണ് പ്രതീക്ഷ. മൂന്നാറിലും വാഗമണ്ണിലുമാണ് ഈ ഓണത്തിനും തിരക്കേറാൻ സാധ്യത.
മഞ്ഞുമൂടിക്കിടക്കുന്ന മൂന്നാർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, തേയിലത്തോട്ടങ്ങൾ, ടീ മ്യൂസിയം എന്നിവയാണ് പ്രധാന ആകർഷണം. വ്യൂ പോയന്റായ ടോപ് സ്റ്റേഷനിൽനിന്ന് തമിഴ്നാട് താഴ്വാരം വരെ കാണാൻ കഴിയും. തമിഴ്നാട് ഫോറസ്റ്റിന്റെ വാച്ച് ടവറും കാണാം. വരയാടുകളുടെ വിഹാരകേന്ദ്രമായ രാജമലയും മൂന്നാറിലെത്തുന്നവർക്ക് സന്ദർശിച്ച് മടങ്ങാം. മറയൂർ, കാന്തല്ലൂരും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. മറയൂരിൽ ചന്ദനക്കാട്, മാൻകൂട്ടം, മുനിയറകൾ, ഇരച്ചിൽപാറ വെള്ളച്ചാട്ടം, മറയൂർ ശർക്കര നിർമാണം, ലക്കം വെള്ളച്ചാട്ടം എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കും. കാന്തല്ലൂരിൽ ആപ്പിൾ, സ്ട്രോബറി തോട്ടവും ശീതകാല പച്ചക്കറിയുമാണ് ആകർഷണം.
മഞ്ഞിൽ പൊതിഞ്ഞ് വാഗമൺ
ഓണക്കാലത്ത് ഏറെ തിരക്കേറുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് വാഗമൺ. പ്രത്യേകിച്ച് മൺസൂൺ സീസണിൽ മഞ്ഞും തണുപ്പും ആസ്വദിക്കാൻ വലിയ തോതിൽ സന്ദർശകരെത്തും. മൊട്ടക്കുന്നുകൾ, പൈൻ കാടുകൾ, തങ്ങൾപാറ, തേയിലത്തോട്ടങ്ങൾ, അഡ്വഞ്ചർ പാർക്ക് എന്നിവ ആസ്വദിക്കാം. എന്നാൽ, ഇവിടെ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞു കിടക്കുന്നത് സന്ദർശകരെ നിരാശപ്പെടുത്തുന്നുണ്ട്. ഇതിന് പുറമേ മൂന്നാറിലെത്തുന്നവർക്ക് കുണ്ടള അണക്കെട്ടിലും മാട്ടുപ്പെട്ടി ഡാമിലും ബോട്ടിങ്ങും ആസ്വദിക്കാം. മാങ്കുളത്തും ആനക്കുളത്തും ഇപ്പോൾ ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്.
ബോട്ടിങ്ങും ട്രക്കിങ്ങും ആസ്വദിക്കാൻ തേക്കടിയിലും തിരക്കേറിയിട്ടുണ്ട്. ഓഫ് റോഡ് യാത്രയും കുറവൻ കുറത്തി ശിൽപവും ആസ്വദിക്കാനാകുന്ന രാമക്കൽമേട്ടിലും ഓണക്കാലത്ത് തിരക്ക് വർധിക്കും. ആമയുടെ ആകൃതിയിൽ കാണാൻ കഴിയുന്ന ആമപ്പാറയും കുട്ടിക്കാനത്തെ പൈൻ ഫോറസ്റ്റും അമ്മച്ചിക്കൊട്ടാരവും പരുന്തുംപാറ, പാഞ്ചാലിമേട്, മലങ്കര ജലാശയം തൊമ്മൻ കുത്ത്, എന്നിവയും ഓണക്കാലത്തെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
അണക്കെട്ട് കാണാം 31 വരെ
ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകളും സഞ്ചാരികൾക്കായി തുറന്നുനൽകിയിരിക്കുകയാണ്. ആഗസ്റ്റ് 31 വരെ കർശന നിബന്ധനകളോടെയാണ് സന്ദർശകരെ അണക്കെട്ടുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ബുധനാഴ്ചകളിലും റെഡ് അലർട്ടുള്ള ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല. ഓൺലൈനായി ബുക്ക് ചെയ്ത് വന്നവരെയേ പ്രവേശിപ്പിക്കൂ. ചെറുതോണി അണക്കെട്ടിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഒരു ദിവസം പരമാവധി 250 പേർക്ക് മാത്രമാണ് നടന്നുകാണുന്നതിന് അനുമതിയുള്ളത്. ബഗ്ഗി കാറിൽ ഒരു ദിവസം 1,144 പേർക്കും സഞ്ചരിക്കാം. കാമറകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുപോകാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.