പ്രതാപം വീണ്ടെടുക്കാനാകാതെ ചെറുതോണി

2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുതോണി ടൗണിന്‍റെ പ്രതാപം ഇനിയും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രളയത്തിനു മുമ്പ് ഉത്സവ പ്രതീതി ജനിപ്പിച്ചിരുന്ന ടൗണിൽ ഇപ്പോൾ ശ്മശാനമൂകതയാണ്. ടൗണിന്‍റെ വ്യാപാര മേഖലയെ പ്രളയം കാര്യമായി ബാധിച്ചു. അന്ന് തകർന്ന ബസ് സ്റ്റാൻഡ് ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ടൗണിൽ നിന്നകലെയല്ലാതെ ആരംഭിച്ച ബസ്സ്റ്റാൻഡ് നിർമാണം എങ്ങുമെത്തിയില്ല. ജില്ല ആസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ മടക്കയാത്രക്ക് ഇപ്പോഴും ബസ് കാത്തുനിൽക്കുന്നത് റോഡിലും വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിലുമാണ്.

ചെറുതും വലുതുമായ 28 കടകളാണ് വെള്ളം കൊണ്ടുപോയത്. ഉടുതുണിയൊഴിച്ച് ബാക്കിയെല്ലാം നഷടപ്പെട്ടവരുമുണ്ട്. ഒമ്പത് കച്ചവടക്കാർ എല്ലാം നഷ്ടപ്പെട്ട് കണ്ണീരും കൈയുമായി മടങ്ങി. ബാക്കി ചെറുതും വലുതുമായ കച്ചവടക്കാർ പല സ്ഥലത്തേക്ക് മാറി കട തുടങ്ങിയെങ്കിലും ദുരിതത്തിൽ തന്നെയാണ്. ടൗണിൽ ബലക്ഷയം സംഭവിച്ച പഴയ പാലത്തിന് പകരം പുതിയതിന്‍റെ പണി ഇനിയും പൂർത്തിയായിട്ടില്ല.

പ്രളയത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങളിലൊന്നാണ് ചെറുതോണിയും സമീപമേഖലകളും. കുളമാവ് പൊലീസ് സ്റ്റേഷന് മുകളിലേക്ക് മണ്ണിടിയുകയും സ്റ്റേഷന് മുകള്‍ ഭാഗത്തെ സംസ്ഥാന പാത വ്യാപകമായി ഇടിയുകയും ചെയ്തിരുന്നു. പൈനാവിന് സമീപം ചേരിഭാഗത്തും വന്‍തോതിൽ റോഡ് ഇടിഞ്ഞു. മീന്‍മുട്ടിയിലും ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായി.

ജില്ലയില്‍ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഉപ്പുതോട് പള്ളിക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചു. 25 ഏക്കറോളം സ്ഥലം ഒലിച്ചുപോയി. പതിനാറാംകണ്ടം, ചിന്നാര്‍, കമ്പളികണ്ടം, കരിമ്പൻ മേഖലകളിലും വ്യാപകമായി മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി.

ചെറുതോണി ടൗണിൽനിന്ന് 200 മീറ്റർ പോയാൽ ഗാന്ധിനഗർ കോളനിയാകും. പ്രളയത്തിൽ തകർന്ന വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം. ആറുപേരുടെ ജീവൻ നഷ്ടപ്പെട്ട സ്ഥലമാണിവിടം. മണ്ണിൽ പുതഞ്ഞ വാഹനങ്ങൾ പുറത്തെടുത്തെങ്കിലും ആ വാഹനങ്ങൾ ഉപജീവനമാക്കിയിരുന്നവർക്ക് ഇനിയും രക്ഷപെടാനായിട്ടില്ല. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം പേരും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വാങ്ങി സ്ഥലം വിട്ടു. തങ്ങൾക്ക് ഇനിയും ആനുകൂല്യം കിട്ടിയിട്ടില്ലെന്ന് ചിലർ പരാതിപ്പെടുന്നു.

1984ൽ ഹൈറേഞ്ചിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് നാല് സെന്‍റ് വീതം നൽകി കുടിയിരുത്തപ്പെട്ടവരാണ് ഈ കോളനിക്കാർ. ശക്തമായ കാറ്റിലും പേമാരിയിലും കീരിത്തോട് ഗവ. എൽ.പി സ്കൂളിന് മുകളിലേക്ക് സമീപവാസിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ മരം ഒടിഞ്ഞുവീണിരുന്നു. സ്കൂൾ വിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. മരം വെട്ടിമാറ്റിയെങ്കിലും സ്കൂളിന്‍റെ പുറകുവശത്തെ മല ഇപ്പോഴും ഇടിയാവുന്ന നിലയിലാണ്.

200ഓളം കുടുംബങ്ങളുടെ ഏകസഞ്ചാര മാർഗമായ പ്രളയത്തിൽ തകർന്ന ഗാന്ധിനഗർ കോളനി റോഡ് ഇനിയും നന്നാക്കിയിട്ടില്ല. ഓട്ടോപോലും പോകാൻ പറ്റാത്ത രീതിയിൽ റോഡ് തകർന്നുകിടക്കുകയാണ്. ഡാം നിർമാണത്തിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് അഞ്ച് സെന്‍റ് സ്ഥലവും വീടും നൽകി കുടിയിരുത്തിയവരാണ് ഇവിടത്തെ താമസക്കാർ. ഇവിടെ അപകട മേഖലയിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

'നഷ്ടമായത് അരനൂറ്റാണ്ടിന്‍റെ അധ്വാനം'

ചെറുതോണി പാലത്തിന് സമീപം സെൻട്രൽ എന്ന പേരിൽ ഹോട്ടലും ബേക്കറിയും നടത്തിയിരുന്നയാളാണ് ഞാൻ. ഇടുക്കി ഡാം തുറന്നുവിട്ടപ്പോൾ കുതിച്ചെത്തിയ വെള്ളം അരനൂറ്റാണ്ടിന്‍റെ അധ്വാനഫലമാണ് ഒരു നിമിഷം കൊണ്ട് കവർന്നത്. 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സർക്കാറിൽനിന്ന് ഒരു പൈസയും കിട്ടില്ല. പ്രളയം മൂലം ഞങ്ങളുടെ ജീവിതമാർഗമാണ് അടഞ്ഞത്. ഇപ്പോൾ ഞാനും മക്കളും മറ്റ് ജോലികൾ ചെയ്താണ് കഴിയുന്നത്.

-വി​ജ​യ​ൻ കു​റു​ക്ക​ൻ​പ​റ​മ്പി​ൽ

തല ചായ്ക്കാനിടം തേടി ശാന്ത

2018ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർ നഷ്ടപരിഹാരവും വാങ്ങി പുതിയ വീടുവെച്ചു താമസിക്കുമ്പോൾ അതുനോക്കി നിൽക്കാനാണ് കഞ്ഞിക്കുഴി പുന്നയാർ ശാന്ത സുകുമാരന്‍റെ വിധി. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത ശക്തമായ മഴയിൽ ഈ വയോധികയുടെ വീട് വീണ്ടും തകർന്നു.

2018ലെ ദുരിതപ്പെയ്ത്തിലാണ് ശാന്തയുടെ വീട് ആദ്യം തകർന്നത്. തുടർന്ന് ഒരു വീടിനുവേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല. വില്ലേജ് മുതൽ കലക്ടറേറ്റുവരെ എല്ലാ സർക്കാർ സംവിധാനങ്ങളിലും വീടിനായി ഇവർ അപേക്ഷ നൽകി. കയറിയിറങ്ങി മുട്ടിയ വാതിലുകളിലൊന്നും വാഗ്ദാനങ്ങൾക്ക് പഞ്ഞമുണ്ടായില്ല. ഒടുവിലെ പ്രതീക്ഷയായിരുന്നു ലൈഫ് ഭവന പദ്ധതി. ലിസ്റ്റ് വന്നപ്പോൾ ഇവരുടെ പേരില്ല.

ത​ക​ർ​ന്ന വീ​ടി​ന്​ സ​മീ​പം ശാ​ന്ത

വിധവയും ബധിരയുമായ ശാന്ത ഏറെ ദുഃഖത്തോടെയും ദുരിതത്തിലുമാണ് ഓരോ മഴക്കാലവും കഴിച്ചുകൂട്ടുന്നത്. അഞ്ച് സെന്‍റ് ഭൂമിയിലാണ് താമസം. രണ്ട് പെൺമക്കൾ വിവാഹം കഴിഞ്ഞ ഭർതൃഗൃഹത്തിലാണ് താമസിക്കുന്നത്. വാഹനസൗകര്യം തീർത്തും ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ഇവർ വീട് ഇടിഞ്ഞതിനെ തുടർന്ന് കഞ്ഞിക്കുഴി നങ്കി എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയിരിക്കുകയായിരുന്നു. അതേസമയം, ശാന്തയുടെ അപേക്ഷ കിട്ടിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

(തുടരും)

Tags:    
News Summary - cheruthoni: Irretrievably lost glory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.