അടിമാലി: സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിക്കുന്ന തന്റെ ഓട്ടോ സംരക്ഷിക്കാൻ നാലു മാസത്തോളമായി രാത്രിയിൽ പൊലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഓട്ടോ ഇനി സുരക്ഷിതമായി വീട്ടുമുറ്റത്ത് ഒന്നിടാനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന് കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് മുല്ലക്കാനം ചൂഴിക്കരയിൽ രാജേഷ്. 2024ലും 2025ലും മൂന്ന് തവണയാണ് രാജേഷിന്റെ ഓട്ടോ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്.
വീട്ടിലേക്ക് റോഡില്ലാത്തതിനാൽ അയൽവാസിയുടെ വീട്ടുമുറ്റത്താണ് രാജേഷ് ഓട്ടോ രാത്രിയിൽ നിർത്തിയിടുന്നത്. 2024 നവംബറിൽ ഓട്ടോക്ക് ആരോ തീയിട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അരലക്ഷത്തിലധികം രൂപ മുടക്കി വീണ്ടും രാജേഷ് ഓട്ടോ നിരത്തിലിറക്കി. 2025 സെപ്റ്റംബറിലും ഇതേ സ്ഥലത്ത് ഓട്ടോ തീവെച്ച് നശിപ്പിച്ചു.
അന്ന് വാഹനം പൂർണമായി കത്തി. 39,000 രൂപ മാത്രമാണ് ഇൻഷുറൻസ് തുക ലഭിച്ചത്. അന്നും പ്രതിയെ പിടികൂടാനായില്ല. കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയംവെച്ചും രാജേഷ് വീണ്ടും ഓട്ടോ വാങ്ങി. ഓട്ടോ നിർത്തിയിടുന്ന സ്ഥലത്ത് രാജേഷ് സി.സി.ടി.വി കാമറയും സ്ഥാപിച്ചു. 2025 ഡിസംബറിൽ ഇതേ സ്ഥലത്ത് ഓട്ടോ വീണ്ടും തീവെച്ചു നശിപ്പിച്ചു. ഹെൽമറ്റും മാസ്കും ധരിച്ചയാൾ തീയിടുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടും പ്രതിയെ പിടികൂടാനായില്ല.
ഈ സാഹചര്യത്തിൽ ദിവസവും രാത്രി ഓട്ടം കഴിഞ്ഞ് ഓട്ടോ രാജാക്കാട് പൊലീസ് സ്റ്റേഷനിലിടാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിച്ചു. എല്ലാ ദിവസവും രാജേഷ് ഓട്ടം കഴിഞ്ഞ് വണ്ടിയുമായി സ്റ്റേഷനിലെത്തും. രാവിലെ ബൈക്കിൽ സ്റ്റേഷനിലെത്തി ഓട്ടോയുമായി മടങ്ങും. മുൻ സർക്കാറിന്റെ കാലത്ത് പ്രാദേശിക ഭരണപക്ഷ നേതാവിന്റെ സ്വാധീനത്താലാണ് അന്വേഷണം പുരോഗമിക്കാത്തതെന്നും സംഭവം പുനരന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.