മാങ്കുളം 96ൽ പകൽ ജനവാസ കേന്ദ്രത്തിൽ കറങ്ങുന്ന കാട്ടാന
അടിമാലി: ഇടമുറിയാതെ പെയ്യുന്ന മഴയിലും കാട്ടാനകളുടെ കാടിറക്കത്തിന് ശമനമില്ല. അടിമാലി പഞ്ചായത്തിലെ കുളമാംകുഴി, പട്ടയടമ്പ് ആദിവാസി കേന്ദ്രങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ചൊച്ചാഴ്ച രാത്രിയിൽ ബാലൻ എന്നയാളുടെ ഏക്കറോളം കൃഷി കാട്ടാന നശിപ്പിച്ചു. രണ്ടാഴ്ചയിലേറെയായി ഒറ്റകൊമ്പൻ എന്ന ഒറ്റയാനും മറ്റൊരു കൂട്ടം ആനകളും ഇവിടെ ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുകയാണ്. ഹെക്ടർ കണക്കിന് കൃഷിയാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്.
പലരും കാട്ടാനകളുടെ മുന്നിൽ അകപ്പെട്ടിരുന്നുവെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ജനങ്ങൾ വീണ്ടും പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് അറിയിച്ചതോടെ മൂന്നാറിൽനിന്നും റാപ്പിഡ് റെസ്പോണ്ട്സ് ടീമിനെ വനം വകുപ്പ് കൊണ്ടുവന്ന് കാട്ടാനകളെ തുരത്താൻ നടപടി സ്വീകരിച്ചു.
രണ്ട് ദിവസമായിട്ടും ശ്രമം വിജയംകണ്ടിട്ടില്ല. തൊട്ടടുത്ത പ്രദേശങ്ങളിലെ വനത്തിലേക്ക് മാറി നിന്ന ശേഷം ജനവാസ മേഖലയിലേക്ക് കാട്ടാനകൾ തിരികെ എത്തുന്നു. പ്രതികൂല കാലാവസ്ഥയിൽ ആനകളെ തുരത്തുന്നത് വലിയ വെല്ലുവിളിയാണ്. വ്യാഴാഴ്ചയും കാട്ടാനകളെ തുരത്തൽ തുടരാനാണ് വനം വകുപ്പ് തീരുമാനം. നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ആർ.ആർ ടീമിനൊപ്പം കാട്ടാനകളെ തുരത്താൻ സജീവമായി ഉണ്ട്. കള്ളിപ്പാറ ഭാഗത്താണ് ഇപ്പോൾ കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്.
മാങ്കുളം 96ൽ പകലും ഓടിക്കളിച്ച് കാട്ടാനകൾ. മഴയും കാറ്റും ശക്തമായതിന്റെ ഭീതിയിൽ കഴിയുമ്പോഴാണ് രാത്രിയും പകലും കാട്ടാനകൾ 96ൽ ജനവാസ മേഖലയിൽ ചുറ്റിത്തിരിക്കുന്നത്. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ട്.
സന്ധ്യയായാൽ എല്ലാവരും വീടുകളിൽ കയറി കതകടക്കുകയാണ്. ഒരാഴ്ചയായി വൈദ്യുതിയും ഇല്ലാതായതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. ആനകൾ വീട്ടുമുറ്റത്ത് എത്തിയാൽപോലും അറിയാൻ കഴിയുന്നില്ല.
ചിന്നക്കനാൽ പഞ്ചായത്തിൽ സർക്കാർ കുടിയിരുത്തിയ 301 കോളനിയിൽനിന്ന് കാട്ടാനകൾ പിന്മാറുന്നില്ല. ഒരാഴ്ചയായി ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകൾ ഇതിനോടകം രണ്ട് വീടും ഒരു റേഷൻകടയും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.