ഉപകരണങ്ങളും ജീവനക്കാരുമില്ല അഗ്നിരക്ഷാസേന കിതക്കുന്നു

അടിമാലി: വേനൽ കടുക്കാൻ തുടങ്ങിയതോടെ ജില്ലയിൽ അഗ്നിരക്ഷാസേനയുടെ ഉള്ളിൽ തീപുകയാൻ തുടങ്ങി. ആവശ്യത്തിന് ഉപകരണങ്ങളും മതിയായ ജീവനക്കാരെയും ഇല്ലാതെ നട്ടംതിരിയുകയാണ് സേന. ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിലുമായി കഴിഞ്ഞ വർഷം 375 ഫയർ കാളുകൾ ഉണ്ടായി.

ലോറേഞ്ചായ തൊടുപുഴയിൽ 106 കാളും മൂന്നാറിൽ 62, മൂലമറ്റത്ത് 38, അടിമാലിയിൽ 33, പീരുമേട്ടിൽ 57, ഇടുക്കിയിൽ 32, നെടുങ്കണ്ടത്ത് 22, കട്ടപ്പനയിൽ 25 ഫയർ കാളുകളിൽ ഇടപെടൽ ഉണ്ടായി. ജലാശയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ കട്ടപ്പനയിലാണ് 33, തൊടുപുഴ 26, അടിമാലി 20 എന്നിങ്ങനെയാണ്.

അഗ്നിരക്ഷാസേനാ വാഹനങ്ങൾക്കു വെള്ളം ശേഖരിക്കാനുള്ള വാട്ടർ ഹൈഡ്രന്റുകൾ പ്രധാന നഗരങ്ങളിലൊന്നും സ്ഥാപിച്ചിട്ടില്ല എന്നതു പ്രധാനപ്പെട്ട കാര്യമാണ്. വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പുകളിൽ പ്രത്യേക വാൽവുകൾ ഘടിപ്പിച്ച് അഗ്നിരക്ഷാസേനക്ക് വെള്ളം എടുക്കാൻ സാധിക്കുന്ന സംവിധാനമാണിത്. നിലവിലെ സാഹചര്യത്തിൽ വെള്ളമുള്ളയിടത്തുപോയി നിറച്ചുവരുമ്പോഴേക്കും തീയാളിപ്പടർന്നിരിക്കും.

നെടുങ്കണ്ടം ഫയർ സ്റ്റേഷനിൽ ആകെയുള്ളത് ഒരു ഫയർ എൻജിൻ മാത്രമാണ്. മറ്റ് സ്റ്റേഷനുകൾപോലെ വാഹനങ്ങൾ അനുവദിക്കണമെന്ന ആവശ്യം അധികൃതർ കേട്ട ഭാവമില്ല. അംബുലൻസ്, ഗാരേജ് ഉൾപ്പെടെ അടിസ്ഥാന സൗകര്യമില്ല. മൂന്നാർ സ്റ്റേഷനിൽ മഴ പെയ്യരുതേ എന്ന പ്രാർഥനമാത്രമാണ് ഉദ്യോഗസ്ഥർക്ക്. മഴ പെയ്താൽ വെള്ളം ഓഫിസിന് ഉള്ളിലാണ്. ഫയലുകൾ സംരക്ഷിക്കാനും മറ്റും ഉദ്യോഗസ്ഥർ പെടാപ്പാടാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ടാറ്റ കമ്പനി നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി ഇപ്പോഴും കമ്പനിയാണ് ചെയ്യുന്നത്. ഇവരാണെങ്കിൽ തിരിഞ്ഞ് നോക്കുന്നില്ല. സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. മൂലമറ്റം ഫയർ സ്റ്റേഷൻ സ്വന്തമായ സ്ഥലത്തേക്ക് മാറാൻ കെട്ടിട നിർമാണത്തിന് അടക്കം സ്ഥലവും ഫണ്ടും അനുവദിച്ചു.

എന്നാൽ, ഫയർസ്റ്റേഷന് വിട്ടുനൽകിയ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ പറ്റാത്തതാണ് തടസ്സം. മരങ്ങൾ വിൽക്കാൻ സർക്കാർ നിശ്ചയിച്ച വില 1.8 ലക്ഷമാണ്. എന്നാൽ, 40,000ത്തിന് മുകളിൽ മരങ്ങൾ എടുക്കാൻ ആരും മുന്നോട്ട് വരുന്നില്ല. നിരവധി തവണ ടെൻഡർ നടത്തി. മരങ്ങൾ വെട്ടി നിർമാണം തുടങ്ങിയില്ലെങ്കിൽ മാർച്ചിൽ കെട്ടിട നിർമാണത്തിന് അനുവദിച്ച ഫണ്ട് ലാപ്സാകുകയും ചെയ്യും.

Tags:    
News Summary - Firefighters are struggling due to lack of equipment and personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.