മാരിയിൽ കടവ് പാലം: സ്ഥലമേറ്റെടുപ്പ്​ പൂർത്തിയാക്കാൻ വേണ്ടത്​ 6.48 കോടി

തൊടുപുഴ: 6.48 കോടി കൂടി ലഭിച്ചാൽ മാരിയിൽ കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് യാഥാർഥ്യമാകും. പാലം നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാൻ സാധിച്ചിരുന്നില്ല. സർക്കാരും സ്ഥല ഉടമകളും തമ്മിൽ വിലയുടെ കാര്യത്തിൽ ധാരണയിൽ എത്താൻ കഴിയാതെ വന്നതിനാലാണ് സ്ഥലമേറ്റെടുപ്പ് വൈകിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തൊടുപുഴയിൽ എത്തിയപ്പോൾ പാലം സന്ദർശിക്കുകയും നടപടി വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തിതിരുന്നു. അപ്രോച്ച് റോഡിന്​ 18 സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്‍റെ വില നിർണയം പൂർത്തിയാക്കി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും അന്തിമ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ സ്ഥലം ഏറ്റെടുക്കാൻ 9.44 കോടിയാണ് വേണ്ടത്. ഇതിൽ ആദ്യഗഡുവായ 2.96 കോടി അനുവദിച്ചുകഴിഞ്ഞു. 6.48 കോടി കൂടി ലഭിച്ചാൽ അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാകും. മാരിയിൽ കടവിൽനിന്ന്​ കാഞ്ഞിരമറ്റത്തേക്ക്‌ എളുപ്പം എത്താൻ വഴിയൊരുക്കുന്ന പാലം കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് മന്ത്രിയായിരുന്ന പി.ജെ ജോസഫ് എം.എൽ.എയുടെ താൽപര്യപ്രകാരമാണ് നിർമിച്ചത്. അതേ സർക്കാറിന്‍റെ അവസാന കാലഘട്ടത്തിൽതന്നെ പാതി പൂർത്തീകരിച്ച് പാലത്തിന്‍റെ ഉദ്​ഘാടനവും നടത്തി. സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയാറാണെങ്കിലും ആവശ്യപ്പെട്ട വില നൽകാൻ സർക്കാർ തയാറാകാതെ വന്നതാണ് സ്ഥലമെടുപ്പ് നീളാൻ കാരണം. 2013ൽ ആരംഭിച്ച പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നീണ്ടതിനെത്തുടർന്ന് നാട്ടുകാർ അധികൃതർക്ക്​ നിരവധി പരാതികൾ നൽകിയിരുന്നു. തുടർന്ന്​, കലക്ടറുടെ നേതൃത്വത്തിൽ പി.ജെ. ജോസഫ് എം.എൽ.എയും സ്ഥല ഉടമകളും ചർച്ചനടത്തി. എന്നാൽ, സ്ഥലത്തിന് സർക്കാർ നൽകുന്ന വിലയെക്കുറിച്ചോ പണം എന്നുനൽകാൻ കഴിയുമെന്നതിനെക്കുറിച്ചോ ധാരണയായില്ല. അതോടെ അഞ്ചരക്കോടി മുടക്കി നിർമിച്ച പാലം അനാഥമായി. തൊടുപുഴയിൽനിന്ന്​ കാഞ്ഞിരമറ്റത്തേക്ക് എത്തണമങ്കിൽ നിലവിൽ മൂപ്പിൽകടവ് പാലം കടന്ന് ഒന്നര കിലോമീറ്ററോളം സഞ്ചരിക്കണം. എന്നാൽ, മാരിയിൽ കടവിലെ അപ്രോച്ച് റോഡ് പൂർത്തിയായാൽ അരക്കിലോമീറ്ററിൽ താഴെ മതിയാകും. അപ്രോച്ച് റോഡ് കാഞ്ഞിരമറ്റം പഴയ റോഡിലേക്ക് എത്തുന്നതിനൊപ്പം ഇവിടെ നിന്ന്​ മുതലിയാർമഠം വഴി കാരിക്കോടിന് പുതിയ അപ്രോച്ച് റോഡ് നിർമിക്കാനുള്ള തീരുമാനവും ഏറെ ഗുണകരമാണ്. കാരിക്കോട് അപ്രോച്ച് റോഡ് പൂർത്തിയായാൽ കാരിക്കോട്, മങ്ങാട്ടാകവല ഭാഗങ്ങളിൽനിന്നുള്ളവർക്ക്​ നഗരത്തിലെ തിരക്കിൽപെടാതെ തന്നെ കാഞ്ഞിരമറ്റം വഴി ഈരാറ്റുപേറ്റ, മൂലമറ്റം, പാല ഭാഗങ്ങളിലേക്ക് പോകാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.