ഉറവ വറ്റുന്ന ​ഗ്രാമങ്ങൾ (ലോക്കൽ പരമ്പര 4) ഒരു ദിവസത്തെ കുടിവെള്ളത്തിന്​ ചെലവ്​ 1500 രൂപ

ജലക്ഷാമത്തിന്‍റെ രൂക്ഷതയും ദുരിതവും പല പ്രദേശങ്ങളിൽ പല രൂപങ്ങളിലാണ്​. ചിലയിടങ്ങളിൽ മഴക്കാലത്തും വേനൽക്കാലത്തും കുടിവെള്ളം വില കൊടുത്ത്​ വാങ്ങണം. ചിലയിടങ്ങളിൽ വില കൊടുത്താൽപോലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥ. മറ്റ്​ ചിലയിടങ്ങളിൽ ഒന്നിലേറെ പദ്ധതികൾ നടപ്പാക്കിയിട്ടും കുടിവെള്ളക്ഷാമത്തിന്​ അറുതിയില്ല. പദ്ധതികളുടെ പേരിൽ പണമേറെ ഒഴുക്കിയിട്ടും വീട്ടുമുറ്റങ്ങളിലേക്ക്​ വെള്ളമെത്തിയില്ല എന്നതാണ്​ പലയിടത്തും നാട്ടുകാർക്ക്​ പങ്കുവെക്കാനുള്ള ദുരനുഭവം. വേനലിലും മഴക്കാലത്തും വില കൊടുത്താൽ മാത്രം കുടിവെള്ളം കിട്ടുന്ന സ്ഥലമാണ്​ കുട്ടിക്കാനം ജങ്​ഷനും പരിസര പ്രദേശങ്ങളും. ഇത്​ മൂലം വ്യാപാരികളും പ്രദേശവാസികളും ഒന്നുപോലെ കഷ്ടത അനുഭവിക്കുന്നു. ജലവിതരണ അതോറിറ്റിയുടെ ഹെലിബേറിയ കുടിവെള്ള പദ്ധതിയിൽനിന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും കുട്ടിക്കാനം ജങ്​ഷനിൽ വെള്ളം ലഭ്യമല്ല. എല്ലാ സ്ഥാപനങ്ങളിലും ജല അതോറിറ്റിയുടെ കണക്​ഷൻ ഉണ്ടെങ്കിലും പേരിന്​ മാത്രമേ വെള്ളം കിട്ടാറുള്ളൂ. പ്രതിദിനം 1500 രൂപയോളം മുടക്കി വെള്ളം വിലയ്​ക്ക് വാങ്ങിയാണ് കുട്ടിക്കാനം ജങ്​ഷനിലെ ഹോട്ടലുകളും കോഫി ബാറുകളും പ്രവർത്തിക്കുന്നത്. ഇവിടെ കുടിവെള്ള വിതരണത്തിന് 2000 മുതൽ ത്രിതല പഞ്ചായത്തുകൾ ലക്ഷങ്ങളാണ് ചെലവഴിച്ചത്. പൈപ്പ് ലൈൻ, ടാങ്ക്, കുളം എന്നിവ നിർമിച്ചെങ്കിലും ജലവിതരണം നാമമാത്ര ദിവസങ്ങളിലാണ് നടന്നത്. ഐ.എച്ച്.ആർ.ഡി കോളജിന് സമീപം നിർമിച്ച കുളത്തിൽ ആവശ്യത്തിന്​ വെള്ളം ഉണ്ടെങ്കിലും പമ്പിങ് മുടങ്ങി കിടക്കുകയാണ്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ വിവിധ വർഷങ്ങളിൽ പൈപ്പ് ലൈൻ നിർമിക്കാൻ ലക്ഷങ്ങളാണ്​ ചെലവഴിച്ചത്​. എന്നാൽ, ഗുണനിലവാരമില്ലാത്ത ജി.ഐ പൈപ്പുകൾ ഉപയോഗിച്ചതിനാൽ ആദ്യ പമ്പിങ്ങിൽ തന്നെ പലതും പൊട്ടി. ശേഷിച്ചവ ക്രമേണ തുരുമ്പെടുത്ത്​ നശിച്ചു. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഇത്​ മാക്കുപാറയുടെ ദുരിതകഥ കഞ്ഞിക്കുഴി പഞ്ചായത്തിലെ മാക്കുപാറയിലെ ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ പത്ത്​ വർഷത്തിനിടെ 15 ലക്ഷത്തോളം രൂപ ചെലവിട്ടെങ്കിലും വെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്​. വേനലായാൽ ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ്​ കഞ്ഞിക്കുഴി പഞ്ചായത്തിലെ വട്ടോമ്പാറക്കടുത്തുള്ള മാക്കുപാറ. കഴിഞ്ഞ 10 വർഷത്തിനിടെ വോട്ടു ചോദിച്ചെത്തിയവരോടെല്ലാം ഇവിടത്തുകാർ ചോദിച്ചത്​ കുടിവെള്ളം മാത്രമാണ്​. 'ജയിച്ചു വന്നാൽ കുടിവെള്ളത്തിന്​ വേണ്ടി നിങ്ങൾ അലയേണ്ടി വരില്ല' എന്ന മോഹന വാഗ്ദാനത്തിലൊതുങ്ങും സ്ഥാനാർഥികളുടെ ഇടപെടൽ. കുടിവെള്ളം കിട്ടുമെന്ന്​ വിശ്വസിപ്പിച്ച്​ ഈ പാവപ്പെട്ടവരിൽ നിന്ന്​ പിരിവ്​ വാങ്ങിയവരുമുണ്ട്​. മലയടിവാരത്ത് കുളം നിർമിച്ച്​ മുകളിലെ ടാങ്കിലേക്ക് പമ്പിങ്​ നടത്തിയാൽ തീരുന്ന കുടിവെള്ള പ്രശ്നമേ ഇവിടെയുള്ളൂ എന്ന്​ മാക്കുപാറ നിവാസികൾ പറയുന്നു. ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താൽപര്യങ്ങളാണ്​ പരിഹാരം നീണ്ടുപോകാൻ കാരണമെന്നും ഇവർ ആരോപിക്കുന്നു. വേനൽ കടുക്കുന്നതോടെ പഞ്ചായത്ത് ചിലപ്പോൾ വാഹനത്തിൽ കുടിവെള്ളമെത്തിക്കാറുണ്ട്. വാഗ്ദാനങ്ങൾ കേട്ടും പിരിവ്​ കൊടുത്തും മടുത്ത നാട്ടുകാരുടെ എല്ലാ പ്രതീക്ഷയും ഇപ്പോൾ അസ്​തമിച്ചിരിക്കുന്നു. (തുടരും)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.