വേണം, പ്രകൃതിയെ അറിഞ്ഞുള്ള ടൂറിസം വികസനം

വാഹിദ് അടിമാലി വനവും വന്യജീവികളുമാണ് ഇടുക്കി ടൂറിസത്തിന്‍റെ മുഖ്യ ആകർഷണമെങ്കിലും ജൈവ വൈവിധ്യ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള ടൂറിസം നയം ജില്ലയിൽ ഇല്ല എന്ന്​ പറയാം. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും പാരിസ്ഥിതികമായി ദുർബലമാണ്. മിക്ക കേന്ദ്രങ്ങളിലും ആൾത്തിരക്ക്​ കൂടുതലും. സഞ്ചാരികളെ അവരുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ സ്ഥലങ്ങളിൽ കൊണ്ടുപോകാൻ വ്യക്തമായ സംവിധാനത്തിന്‍റെ അഭാവം പ്രകടമാണ്​. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള ശേഷിയെക്കുറിച്ച് കാര്യമായ പഠനവും നടന്നിട്ടില്ല. ഇത്​ പലയിടത്തും അനിയന്ത്രിത ആൾക്കൂട്ടത്തിന് കാരണമാകുന്നു. ജൈവ വൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാംസ്​കാരിക പൈതൃകത്തിനും പ്രാധാന്യം നൽകുന്ന ഉന്നത നിലവാരമുള്ള ടൂറിസം സംസ്​കാരത്തിന്‍റെ അനിവാര്യതയാണ്​ നിലവിലെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്​. ടൂറിസം കേന്ദ്രങ്ങൾ മാലിന്യരഹിതമാക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കണം. പാടങ്ങൾ, തോട്ടങ്ങൾ, ആദിവാസി കോളനികൾ തുടങ്ങിയ ചെറുഘടകങ്ങൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഇനിയും യാഥാർഥ്യമായിട്ടില്ല. ആദിവാസി യുവജനങ്ങളെ ഇത്തരം മേഖലകളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താനാവും. വന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ടൂറിസം മേഖലകളിൽ മനുഷ്യ-വന്യമൃഗ സംഘർഷം ഒഴിവാക്കാനും നടപടി വേണം. വിനോദസഞ്ചാര മേഖലയുടെ സുസ്ഥിരതയും വിപുലീകരണവും ഡിജിറ്റൽ വിപണനവും മറ്റും ശക്തിപ്പെടുത്താൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. ആവശ്യമായ ഗവേഷണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ആവശ്യമാണ്​. ജില്ലയിലെ ടൂറിസം, വനംവന്യജീവി മേഖലകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഇവയെ വിദ്യാഭ്യാസം, ബോധവത്കരണം, ഗവേഷണം തുടങ്ങിയ ഘടകങ്ങളടങ്ങുന്ന ബയോഗാലക്സിക്ക്​​ കീഴിൽ കൊണ്ടുവരണമെന്നും അഭിപ്രായമുണ്ട്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇടുക്കിയിൽ സമഗ്രമായ ജൈവ വൈവിധ്യ മാപ്പിങ്​ നടത്തണം. പരിസ്ഥിതി ദുർബല കേന്ദ്രങ്ങൾ സംരക്ഷിക്കാൻ ഓരോ കേന്ദ്രത്തിനും താങ്ങാവുന്ന സന്ദർശകരുടെ എണ്ണം ശാസ്​ത്രീയമായി നിശ്ചയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യമുക്ത സംസ്​കാരം പ്രോത്സാഹിപ്പിക്കുക, സഞ്ചാരികൾക്ക് വാങ്ങാനും കൊണ്ടുപോകാനും ഉതകുന്നവിധം പാലുൽപന്നങ്ങൾ നിർമിച്ച്​ ഇടുക്കി ബ്രാൻഡിൽ വിപണനം ചെയ്യാൻ ഡെയറി പാർക്ക് സ്ഥാപിക്കുക, ഇടുക്കിയുടെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ഹെർബൽ സുഗന്ധവ്യഞ്ജന പാർക്ക്​ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും ഈ മേഖലയിലുള്ളവർ മുന്നോട്ടുവെക്കുന്നു. (തുടരും) Box വൈവിധ്യങ്ങളുടെ ഇരവികുളം ഇരവികുളം ദേശീയപാർക്ക് (മൂന്നാർ രാജമല) എന്നാൽ, പലർക്കും വരയാടുകളുടെ സംരക്ഷണകേന്ദ്രം മാത്രമാണ്​. എന്നാൽ, വരയാടുകൾ മാത്രമല്ല ഇവിടത്തെ താരങ്ങൾ. വംശനാശം നേരിടുന്നവയടക്കം 29 ഇനം അപൂർവ ജീവികളുടെയും പന്നൽ ചെടികളുടെയും ഓർക്കിഡുകളുടെയും പുല്ലിനങ്ങളുടെയും പൂക്കളുടെയും ഷോലവനങ്ങളുടെയും നീർച്ചാലുകളുടെയുമൊക്കെ ഈറ്റില്ലം കൂടിയാണ്​ ഇവിടം. രാജമല എന്ന പേരിൽ അറിയപ്പെടുന്ന മലനിരകളാണ് ഈ സാങ്കേതത്തിന്‍റെ ജീവവായു. ഹിമാലയത്തിലും ബ്രഹ്മപുത്രയിലും അസമിലും ഭൂട്ടാനിലുമൊക്കെ കാണുന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ ഈ ഭൂമിക പശ്ചിമഘട്ട മലനിരകളുടെ ഭാഗവും ഹിമാലയസാനുക്കളെക്കാൾ പഴക്കമുള്ളതുമാണ്. ബ്രഹ്മപുത്രയിൽ കാണുന്ന പ്രത്യേകതരം ആമകൾ, ഹിമാലയത്തിലുള്ള ഒരുതരം മുയൽ, സുവർണ നിറമുള്ള കുരങ്ങുകൾ എന്നിവ ഇവിടു​ത്തെ ജീവിവൈവിധ്യങ്ങളിൽ ചിലത്​ മാത്രം. കിഴക്കോട്ടൊഴുകുന്ന പാമ്പാർ ഉത്ഭവിക്കുന്നത് ഈ മലനിരകളിൽനിന്നാണ്. മൂന്നാറിലെ മൂന്ന് ആറുകളിൽ ഉൾപ്പെടുന്ന കന്നിയാർ, നല്ലതണ്ണി എന്നിവയും ഈ മലനിരയുടെ അനുഗ്രഹമാണ്. ചിത്രം TDL Iravikulam ഇരവികുളം നാഷനൽ പാർക്കിലെ വെള്ളച്ചാട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.