ഭൂ നിയമഭേദഗതി വേഗത്തിലാക്കുമെന്ന്​ ഇടത്​ നേതാക്കൾ

അടിമാലി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാൻ ഭൂ നിയമഭേദഗതി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയും ഇടത് നേതാക്കളും ഉറപ്പുനല്‍കിയതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കെ.കെ. ജയചന്ദ്രന്‍. ഇടുക്കിയില്‍ ഭൂമിപ്രശ്നങ്ങളും പട്ടയ വിഷയങ്ങളും വന്യജീവി ശല്യവും നിർമാണ നിരോധനവും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഇടുക്കിയില്‍നിന്നുള്ള എൽ.ഡി.എഫ്​ നേതാക്കള്‍ മുഖ്യമന്ത്രിയെയും കാനം രാജേന്ദ്രന്‍ അടക്കം ഇടതുനേതാക്കളെയും നേരില്‍ കണ്ടത്. ജയചന്ദ്രനെ കൂടാതെ എം.എം. മണി, എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.കെ. ശിവരാമന്‍, സി.വി. വര്‍ഗീസ് എന്നിവരാണ്​ സംഘത്തിൽ ഉണ്ടായിരുന്നത്​. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ഉറപ്പ് സര്‍ക്കാര്‍ നല്‍കിയതായും ഉടൻ നടക്കുന്ന പട്ടയമേളയിൽ മന്ത്രിതന്നെ പ്രഖ്യാപനം നടത്തുന്ന വിധത്തിൽ കാര്യങ്ങൾ വേഗത്തിലാക്കുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. പ്രത്യക്ഷ സമരവുമായി മുമ്പോട്ടുപോകുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയോട് അനുഭാവ പൂര്‍ണമായ നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. കോണ്‍ഗ്രസ് അടക്കം മറ്റ് സംഘടനകള്‍ ഭൂവിഷയം ഉടന്‍ പരിഹരിക്കുമെന്നറിഞ്ഞ് തങ്ങളുടെകൂടി പ്രതിഷേധഫലമായാണ് പ്രശ്നപരിഹാരം ഉണ്ടായതെന്ന് വരുത്തി തീര്‍ക്കാനുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.