കുമളിയിലെ ജനകീയ ഹോട്ടൽ പൂട്ടിക്കുന്നതിനുപിന്നിൽ രാഷ്​ട്രീയ കളിയെന്ന്​ പ്രതിപക്ഷം

കുമളി: പഞ്ചായത്തിലെ ജനകീയ ഹോട്ടൽ അടച്ചുപൂട്ടാനുള്ള നീക്കത്തിനുപിന്നിൽ രാഷ്ട്രീയ കളിയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ. സർക്കാറിന്‍റെ വിശപ്പുരഹിത കേരളം പദ്ധതിയിൽപെടുത്തിയാണ് 2019ൽ കുമളി ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലിന് തുടക്കംകുറിച്ചത്. സാധാരണക്കാരായ ഒട്ടേറെ ആളുകളുടെ ആശ്രയമാണിത്​. 2020ൽ ഇടത് ഭരണസമിതി അധികാരത്തിൽവന്ന നാൾമുതൽ കുടുംബശ്രീയോട് തൊട്ടുകൂടായ്മനയം സ്വീകരിച്ചുവരുകയാണെന്ന് നേതാക്കൾ പറഞ്ഞു. കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ഭരണം യു.ഡി.എഫ് നിലനിർത്തിയതാണ് ഹോട്ടലിനെതിരായ പ്രതികാര നടപടിക്ക് കാരണം. വൃത്തിഹീനമായ രീതിയിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത് എന്നാണ് ഭരണ സമിതിയുടെ ആരോപണം. ആരോഗ്യവകുപ്പ്​ ഇവിടെ നടത്തിയ പരിശോധനയിൽ അത്തരം സാഹചര്യം കണ്ടെത്താനായിട്ടില്ല. പഞ്ചായത്തിന്‍റെ ലൈസൻസില്ലെന്നതാണ്​ ഇപ്പോൾ കാരണമായി പറയുന്നത്. മറ്റ് ഹോട്ടലുകളുടെ അച്ചാരം വാങ്ങിയാണ് ഹോട്ടൽ പൂട്ടിക്കൽ നിലാപാടിലേക്ക്​ ഭരണസമിതി എത്തിയതെന്നും നേതാക്കൾ ആരോപിച്ചു. ഹോട്ടൽ അടക്കാനുള്ള തീരുമാനത്തിനെതിരെ സമരത്തിന്​ നേതൃത്വം നൽകുമെന്ന് പ്രതിപക്ഷ അംഗങ്ങളായ റോബിൻ കാരയ്ക്കാട്ട്, ഷൈലജ ഹൈദ്രോസ്, മണി മുനിയദാസ്, എം. വർഗീസ്, ജിസ് ബിനോയ്, സുലുമോൾ എം.എൽ. ജയമോൾ മനോജ്, എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.