ദേശീയപാതയോരത്തെ മരങ്ങള്‍ ഭീഷണി; മുറിച്ചുമാറ്റാന്‍ നടപടിയില്ല

-നേര്യമംഗലം മുതല്‍ മൂന്നാര്‍വരെ മുന്നൂറിലേറെ വന്‍മരങ്ങൾ അപകടാവസ്ഥയില്‍ അടിമാലി: ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്​ ആക്ഷേപം. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍വരെ മുന്നൂറിലേറെ വന്‍മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാർച്ചിൽ ഏതാനും മരങ്ങൾ വെട്ടിയിരുന്നു. നേര്യമംഗലം മുതല്‍ വാളറവരെ അപകടാവസ്ഥയില്‍ നിന്ന മരങ്ങള്‍ വെട്ടിമാറ്റാൻ കഴിഞ്ഞ വർഷം ജില്ല ദുരന്ത നിവാരണ യോഗവും തീരുമാനിച്ചതാണ്​. ഡീൻ കുര്യാക്കോസ് എം.പി, കലക്ടർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. തുടർന്ന് നടത്തിയ പരിശോധനയിൽ ഉണങ്ങിയതും അപകടാവസ്ഥയില്‍ നില്‍ക്കുന്നതുമായി 434 മരങ്ങളുണ്ടെന്നും ഇവ വെട്ടിമാറ്റണമെന്നും ദേവികുളം ഡി.എഫ്.ഒക്ക്​ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. മരംവെട്ടി നീക്കുന്നതിന് വനം വകുപ്പ് ഡിപ്പോ അധികൃതര്‍ക്ക് ഡി.എഫ്.ഒ ഉത്തരവ് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. അടിമാലി മുതല്‍ മൂന്നാര്‍വരെയും ഇത്തരത്തില്‍ നിരവധി മരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഇത് വീടുകള്‍ക്കും ഭീഷണിയായതും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്​. രണ്ടുവര്‍ഷമായി പരാതിയുമായി ദേശീയപാത കാര്യാലയത്തില്‍ കയറി ഇറങ്ങിയിട്ടും ഫലം ഉണ്ടായില്ല. വനം വകുപ്പ് തടസ്സം നില്‍ക്കുന്നതാണ് പ്രശ്‌നമെന്നും വനം വകുപ്പില്‍ പരാതി നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നുമാണ് ഇവരുടെ ന്യായം. ചുവടുദ്രവിച്ച മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ കാലവര്‍ഷം വരാനിരിക്കെ വന്‍ ദുരന്തം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, സാമൂഹിക വനവത്​കരണ വിഭാഗം മൂല്യനിർണയം നടത്താൻ വൈകുന്നതാണ്​ മരങ്ങള്‍ മുറിച്ചുനീക്കാന്‍ തടസ്സം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.