മായം കണ്ടെത്താൻ ലാബ്​ ഓടിയെത്തും

P/2 Lead... തൊടുപുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷ പരിശോധന കർശനമാക്കുന്നതിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന ലബോറട്ടറി പ്രവർത്തനം തുടങ്ങി. കുടിക്കുന്ന വെള്ളത്തിലും പാലിലും കഴിക്കുന്ന എണ്ണയിലും മറ്റ്​ ഭക്ഷ്യവസ്തുക്കളിലും മായം കലർന്നിട്ടുണ്ടോ എന്ന്​ ഇനി നാട്ടിലെത്തുന്ന മൊബൈൽ ലാബിൽ പരിശോധിച്ചറിയാം. കഴിഞ്ഞദിവസം ആറ്​ ജില്ലകൾക്കായി ഉദ്​ഘാടനം ചെയ്ത മൊബൈൽ ലാബിലൊന്നാണ്​ ഇടുക്കിയിലെത്തിയത്​. മീനും പാലുമടക്കം ഭക്ഷ്യവസ്തുക്കൾ ധാരാളമായി അതിർത്തി കടന്നെത്തുന്ന ജില്ലയിൽ ലാബിന്‍റെ പ്രവർത്തനം പൊതുജനങ്ങൾക്ക്​ ഏറെ പ്രയോജനപ്പെടും. ഫുഡ്​ സേഫ്​റ്റി ആൻഡ്​ സ്റ്റാൻഡേർഡ്​സ്​ അതോറിറ്റിയുമായി (എഫ്​.എസ്​.എസ്​.എ) ചേർന്ന്​ സംസ്ഥാന സർക്കാർ സജ്ജമാക്കിയ ലാബിൽ പാൽ, വെള്ളം, എണ്ണ തുടങ്ങിയവയുടെ പ്രാഥമിക പരിശോധനക്കുള്ള സംവിധാനമാണുള്ളത്​. സാമ്പിളിൽ മായമോ കൃത്രിമ നിറങ്ങളോ ചേർത്തതായി കണ്ടെത്തിയാൽ വിശദ പരിശോധനക്ക്​ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ റീജനൽ ലാബിലേക്ക്​ അയക്കും. ഭക്ഷ്യവസ്തുക്കളിൽ എങ്ങനെ മായം കണ്ടെത്താം എന്നതിനെക്കുറിച്ച്​ മൊബൈൽ ലാബിന്‍റെ സഹായത്തോടെ റെസിഡൻ​സ്​ അസോസിയേഷനുകൾ, സ്കൂളുകൾ, കോളജുകൾ, പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ബോധവത്​കരണവും പരിശീലനവും സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന്​ ജില്ല അസി.​ ഭക്ഷ്യ സുരക്ഷ കമീഷണർ എം.ടി. ബേബിച്ചൻ പറഞ്ഞു. അംഗൻവാടി, കുടുംബശ്രീ പ്രവർത്തകരെയും പരിശീലനത്തിൽ ഉൾപ്പെടുത്തും. ജില്ലയിൽ തൊടുപുഴ, പീരുമേട്​, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി എന്നിങ്ങനെ അഞ്ച്​ ഭക്ഷ്യസുരക്ഷ സർക്കിളുകളാണ്​ ഉള്ളത്​. ഓരോ സർക്കിളിലും മൊബൈൽ ലാബ്​ എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയിക്കും. മായം സംശയിക്കുന്ന സാമ്പിളുകൾ ആളുകൾക്ക്​ ലാബിൽ എത്തിച്ച്​ പരിശോധിക്കാം. രാവിലെ ഒമ്പതര മുതൽ വൈകീട്ട്​ അഞ്ചര വരെയാകും പ്രവർത്തനം. ഒരു ടെക്​നിക്കൽ അസി.​, ഒരു ലാബ്​ അസി.​, ഒരു ഡ്രൈവർ എന്നിവരാണ്​ ലാബിൽ ഉണ്ടാവുക. സംസ്ഥാനത്തെ മൊബൈൽ ലാബുകളെ ഡെപ്യൂട്ടി ഭക്ഷ്യസുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ ജി.പി.എസ്​ വഴി നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്​. TDL Mobile lab ഇടുക്കി ജില്ലക്ക്​ അനുവദിച്ച സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.