വന്യമൃഗങ്ങൾക്ക്​ ഭീഷണിയായി തെരുവുനായ്ക്കൾ

ചെറുതോണി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വീണ്ടും മ്ലാവുകൾ ചത്തു. കഴിഞ്ഞ ഒരാഴ്ച്ക്കുള്ളിൽ മൂന്ന് മ്ലാവുകൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തതായി വനപാലകർ പറഞ്ഞു. ചെറുതോണി ഡാം പരിസരം, ആലിൻചുവട് , പാറേമാവ് ഭാഗങ്ങളിലെ ചെറിയ വനമേഖലയിൽ അധിവസിക്കുന്ന വന്യമൃഗങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഈ പ്രദേശത്ത് വന്യജീവികളെ നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ച് കൊല്ലുന്നതും മാരകമായി പരിക്കേൽപിക്കുന്നതും പതിവാണ്​. കഴിഞ്ഞ ബുധനാഴ്ച ഇടുക്കി മെഡിക്കൽ കോളജ്​ പരിസരത്ത് നിന്നും ശനിയാഴ്ച ചെറുതോണി ഡാം പരിസരത്ത് നിന്നും ഞായറാഴ്ച് ആലിൻചുവട് ഭാഗത്ത് നിന്നും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്ത മ്ലാവുകളുടെ ജഡം വനപാലകർ മറവ് ചെയ്തിരുന്നു. പഞ്ചായത്തുകളിൽനിന്ന്​ കരാറുകാർ പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തി ഇടുക്കി മെഡിക്കൽ കോളജ്‌, വിദ്യാധിരാജാ സ്കൂൾ പരിസരങ്ങളിലും കൂട്ടമായി കൊണ്ടുവന്നുവിടുകയാണെന്ന്​ ആക്ഷേപമുണ്ട്​. ഇത്തരത്തിൽ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മാത്രം ആക്രമണകാരികളായ നൂറോളം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തുകൾ വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ ചെറു വന്യജീവികളുടെ ആവാസകേന്ദ്രമായ സ്വാഭാവിക വനമേഖലകളിൽ കൊണ്ടുവന്ന് വിടുന്നതാണ് മ്ലാവുകൾ പോലുള്ള വന്യമൃഗങ്ങൾക്ക്​ ഭീഷണിയാകുന്നതെന്ന്​ വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ജോജി എം.ജേക്കബ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.