മാങ്കുളത്ത് ഡാം: കര്‍ഷകരെ ബന്ധിയാക്കിയാണ് നിര്‍മാണമെന്ന് സംരക്ഷണസമിതി

പദ്ധതിയില്‍നിന്ന്​ സര്‍ക്കാര്‍ പിന്മാറണം തൊടുപുഴ: കര്‍ഷകരെ ബന്ധിയാക്കിയാണ് മാങ്കുളത്ത് ഡാം നിര്‍മിക്കുന്നതെന്ന് പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. പദ്ധതി പ്രവര്‍ത്തനത്തിന് ഭൂമി ഏറ്റെടുക്കുന്നത് 2013ല്‍ പാര്‍ലമെന്‍റ്​ പാസാക്കിയ നിയമങ്ങൾ മറികടന്നാണ്. പാരിസ്ഥിതികാഘാത പഠനം നടത്താതെയും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയാണ് ഭൂമി വാങ്ങിയത്. ഇനിയും 40 ഓളം കര്‍ഷകരുടെ എട്ട് ഹെക്ടറിലധികം ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാര പാക്കേജ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി അധികൃതര്‍ തയാറായില്ല. നിര്‍മാണ ഘട്ടത്തില്‍ കര്‍ഷകരുടെ എതിര്‍പ്പുണ്ടായാല്‍ പണി നിര്‍ത്തിവെച്ച് കരാറുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി വെട്ടിപ്പ് നടത്താനുള്ള ഗൂഢനീക്കവും ഇതിന് പിന്നിലുണ്ടാകാമെന്നും സമരസമിതി ആരോപിച്ചു. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയെന്ന് വനംവകുപ്പും പരിസ്ഥിതി സംഘടനകളും സ്ഥിരീകരിച്ചിരിക്കുന്ന കരിന്തിരി മലയിലാണ് ഡാമിന്‍റെ ഒരുവശം ഉറപ്പിക്കുന്നത്. ഇത്തരമൊരു സ്ഥലത്ത് വന്‍ തോതില്‍ വെള്ളം സംഭരിക്കുന്നതും പാറ തുരക്കുന്നതുമെല്ലാം പ്രദേശത്തെ ഭൂപ്രകൃതിയെ ദോഷമായി ബാധിക്കും. പുനരധിവാസത്തിന്‍റെ പേരില്‍ ചെങ്കുളം ഡാമിന് സമീപം 40പേര്‍ക്ക് മൂന്നുസെന്‍റ്​ വീതം റവന്യൂ ഭൂമി നല്‍കിയെങ്കിലും അത് വാസയോഗ്യമല്ലാത്തതിനാല്‍ ആരുമെത്തിയില്ല. നാല്‍പതോളം കുടുംബങ്ങളെ ബാധിക്കുന്നതിനാലും വന്‍ പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നതിനാലും പദ്ധതിയില്‍നിന്ന്​ സര്‍ക്കാര്‍ പിന്മാറണെന്ന് സംരക്ഷണ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ കണ്‍വീനര്‍ മാത്യു ജോസ്, കമ്മിറ്റി അംഗങ്ങളായ എന്‍.ബി. സണ്ണി, അമല്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളി ധർണ തൊടുപുഴ: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 100 തൊഴിൽദിനം ഉറപ്പു വരുത്തണമെന്ന് ആവിശ്യപ്പെട്ട് എൻ.ആർ.ഇ.ജി വക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികൾ തൊടുപുഴ നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തി. യൂനിയൻ തൊടുപുഴ ഏരിയ സെക്രട്ടറി ടി.എം. മുജീബ് ഉദ്ഘാടനം ചെയ്തു. രത്നമ്മ സുധാകരൻ അധ്യക്ഷതവഹിച്ചു. വി.എ ഷാഹുൽ, ലൈല പി.കെ, ഷിംനാസ്, സിജി റഷീദ് എന്നിവർ സംസാരിച്ചു. കെ.കെ. റഷീദ്, ആർ.യു. കരീം, ലൈല ഷാജി എന്നിവർ നേതൃത്വം നൽകി. TDL thozhilurappu തൊഴിലുറപ്പ് തൊഴിലാളികൾ തൊടുപുഴ നഗരസഭ ഓഫിസിന് മുന്നിൽ നടത്തിയ ധർണ ടി.എം. മുജീബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.