കട്ടപ്പന നഗരസഭ ബജറ്റ്​: കായികമേഖലക്കും ടൂറിസത്തിനും മുൻഗണന

-നഗരസഭ മൈതാനിയിൽ ഇൻഡോർ സ്റ്റേഡിയം നിർമാണ പദ്ധതി പൂർത്തിയാക്കും കട്ടപ്പന: നഗരസഭയിൽ 46,04,68,333 രൂപ വരവും 45,63,05,533 രൂപ ചെലവും 41,62,800 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അവതരിപ്പിച്ചു. കട്ടപ്പന നഗരസഭ മൈതാനിയിൽ ഇൻഡോർ സ്റ്റേഡിയം നിർമാണ പദ്ധതി പൂർത്തിയാക്കുമെന്ന പ്രഖ്യാപനമാണ്​ ബജറ്റിലെ മുഖ്യ ആകർഷണം. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് കല്യാണത്തണ്ടിൽ റവന്യൂ വകുപ്പിന്‍റെ സ്ഥലം ഏറ്റെടുത്ത് വാച്ച്ടവർ നിർമിക്കും. ഗാന്ധി സ്‌ക്വയർ പുനരുദ്ധാരണത്തിനും മിനി സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്നതിനും 10 ലക്ഷം രൂപ വകകൊള്ളിച്ചു. മിനി സ്റ്റേഡിയത്തിൽ ഡോ. ബി.ആർ. അംബേദ്കർ, അയ്യങ്കാളി പ്രതിമകൾ സ്ഥാപിക്കാൻ അഞ്ച്​ ലക്ഷം രൂപ നീക്കിവെച്ചു. ബൈപാസ് റോഡിൽ തണലിടം നിർമിക്കാൻ അഞ്ച് ലക്ഷവും താലൂക്ക് ആശുപത്രിയിൽ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന്​ 45 ലക്ഷം രൂപയും പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഒരുങ്ങുന്ന അർബുദ നിർണയ കേന്ദ്രത്തിന് ഉപകരണങ്ങൾ വാങ്ങാൻ 20 ലക്ഷവും വകയിരുത്തി. അർബൻ ഹെൽത്ത് സെന്‍റർ, ആയുർവേദ ഹോമിയോ ആശുപത്രികൾ എന്നിവയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. ഇതിനായി 20 ലക്ഷം രൂപ നീക്കിവെച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ ഭവനനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, വിദ്യാഭ്യാസം, സ്വയംതൊഴിൽ എന്നിവക്ക്​ പ്രഥമ പരിഗണന നൽകും. മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ വനിതകൾ, വയോജനങ്ങൾ എന്നിവർക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കും. വയോജനങ്ങൾക്കുള്ള ഷെൽട്ടർ ഹോം നിർമാണം പൂർത്തിയാക്കും. കട്ടപ്പനയിൽ മാംസ സ്റ്റാൾ നിർമിക്കുവാനായി 75 ലക്ഷം രൂപ വകയിരുത്തി. ടോയ്‌ലറ്റുകളുടെ പുനരുദ്ധാരണം നടപ്പാക്കും. പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ ഒഴിവാക്കാനും നിരീക്ഷണവും ലക്ഷ്യമിട്ട് എ.എം.സിയോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും 25 ലക്ഷം രൂപ നീക്കിവെച്ചു. ഒരുവാർഡിൽ 30 കർഷകർക്ക് ജൈവവളം നൽകിയിരുന്നത് 50 ആയി ഉയർത്താൻ 40 ലക്ഷം രൂപ വകയിരുത്തി. ക്ഷീരകർഷകർക്ക് ഇൻസെന്‍റിവിനും മൃഗസംരക്ഷണത്തിനും തുക വകകൊള്ളിച്ചു. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ പാഴ്‌വസ്തുക്കളുടെ ശേഖരണവും ബയോഗ്യാസ് പ്ലാന്‍റുകളുടെ നിർമാണവും ഊർജിതമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.