കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം

കുടയത്തൂർ: യു.ഡി.എഫിൽനിന്ന്​ കൂറുമാറി എൽ.ഡി.എഫിൽ എത്തിയ കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റിനെ പുറത്താക്കാൻ യു.ഡി.എഫ് അവിശ്വാസത്തിന്​ നോട്ടീസ് നൽകി. 13 അംഗ ഭരണസമിതിയിലെ അഞ്ച്​ അംഗങ്ങൾ ചേർന്നാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. മൂന്നിലൊന്ന് അംഗങ്ങൾ അവിശ്വാസ നോട്ടീസ് നൽകിയതിനാൽ ഉടൻ തീയതി നിശ്ചയിച്ച് അവിശ്വാസത്തിന്മേൽ വോട്ടെടുപ്പ് നടക്കും. പഞ്ചായത്തിൽ കോൺഗ്രസ് നാല്​, മുസ്​ലിംലീഗ് ഒന്ന്​, കേരള കോൺഗ്രസ് ജോസഫ് ഒന്ന്​ (നിലവിൽ ഇടതുപക്ഷത്തേക്കുപോയ പ്രസിഡൻറ് ഉഷ വിജയൻ), സി.പി.എം നാല്​, സി.പി.ഐ ഒന്ന്​, ബി.ജെ.പി രണ്ട്​ എന്നിങ്ങനെയാണ് കക്ഷിനില. ജനുവരി 31നാണ് യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ഉഷ വിജയൻ എൽ.ഡി.എഫിൽ ചേക്കേറിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻനിന്ന്​ മത്സരിച്ച് ജയിച്ച ഉഷക്ക്​ യു.ഡി.എഫ് ധാരണപ്രകാരം ആദ്യ ഒരുവർഷമാണ് പ്രസിഡന്‍റ്​ പദം നിശ്ചയിച്ചിരുന്നത്. കാലാവധി കഴിഞ്ഞിട്ടും രാജിവെക്കാൻ തയാറായില്ല. തുടർന്ന്​, യു.ഡി.എഫ് ഒരുമാസം കൂടി നീട്ടിനൽകി. ഈ കാലാവധി പൂർത്തിയായ ജനുവരി 31ന് എൽ.ഡി.എഫിൽ എത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.