കട്ടപ്പന പഴയ സ്റ്റാൻഡ് നഗരസഭ ലേലംചെയ്തു

കട്ടപ്പന: കട്ടപ്പന നഗരസഭയുടെ അധീനതയിലെ കട്ടപ്പന പഴയ ബസ് സ്‌റ്റാൻഡ് പേ ആൻഡ് പാർക്കിനായി ലേലം ചെയ്തുനൽകി. ബസ് സ്‌റ്റാൻഡിലെ വ്യാപാരികളുടെ പ്രതിഷേധവും എതിർപ്പും മറികടന്നാണ് 2.90 ലക്ഷം രൂപക്ക്​ ലേലം ചെയ്തത്. അടുത്ത ദിവസം തന്നെ ബസ് സ്റ്റാൻഡിൽ പാർക്കിങ്ങിനായുള്ള സജ്ജീകരണം ഏർപ്പെടുത്തുമെന്ന് നഗരസഭ ചെയർപേഴ്സൻ അറിയിച്ചു. നഗരസഭയുടെ കഴിഞ്ഞ സ്‌റ്റിയറിങ്​ കമ്മിറ്റി യോഗത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന ബസ് സ്റ്റാൻഡ് ഫീസ് വാങ്ങിയുള്ള വാഹന പാർക്കിങ്​ ഗ്രൗണ്ടാക്കി മാറ്റുവാൻ തീരുമാനിച്ചത്. നഗരസഭയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വസ്തുവകകളും ഉപയോഗിക്കാതെയിരുന്നാൽ ഓഡിറ്റിങ്​ സമയത്ത് വിശദീകരണം നൽകേണ്ടിവരും. പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതുവരെ ഇവിടെ നിന്നായിരുന്നു സ്വകാര് -കെ.എസ്.ആർ.ടി.സി ബസുകൾ ഓപറേറ്റ് ചെയ്തിരുന്നത്. 2010 ഓടെയാണ് പഴയ സ്റ്റാൻഡി‍ൻെറ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചത്. ഇതിനുശേഷം പൊതുജനങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യുവാനാണ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്. അതേസമയം പഴയ ബസ് സ്റ്റാൻഡിനുള്ളിലൂടെ ബസുകൾ അടക്കമുള്ളവയുടെ ഗതാഗതം തുടരും. പുതിയ തീരുമാനം സ്റ്റാൻഡിനുള്ളിലെ വ്യാപാരികൾക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി. വ്യാപാരികൾ ധർണ നടത്തി കട്ടപ്പന: പഴയ സ്റ്റാൻഡ് ഫീസ് വാങ്ങി വാഹന പാർക്കിങ​ ഗ്രൗണ്ടാക്കി മാറ്റിയാൽ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ച് പഴയ ബസ് സ്‌റ്റാൻഡ് സംരക്ഷണ സമിതിയും വ്യാപാരികളും നഗരസഭ കാര്യാലയത്തിന് മുന്നിൽ ധർണനടത്തി. സി.പി.എം ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിനുള്ളിൽ അമ്പതോളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡ് മാറ്റിയപ്പോൾ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇനി പണം വാങ്ങിയുള്ള പാർക്കിങ്​ ഏർപ്പെടുത്തിയാൽ സ്റ്റാൻഡിനുള്ളിലേക്ക്​ പൊതുജനങ്ങൾ എത്താതാകുമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.