കവിതയാണ്​ കൗസല്യയുടെ ഭാഗ്യക്കുറി

തൊടുപുഴ: തിരക്കേറിയ തെരുവീഥികളിൽ ലോട്ടറി വിൽക്കുന്ന കൗസല്യ സായാഹ്ന സാഹിത്യ സദസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ്​. ഇതുവരെ രണ്ട്​ കവിത സമാഹാരങ്ങളാണ്​ കൗസല്യ കൃഷ്ണ​​ന്‍റേതായി പുറത്തിറങ്ങിയത്​​. ഒരു നാടകവും രചിച്ചു. അനുഭവങ്ങളുടെ തീച്ചൂളയിൽ വിരിഞ്ഞതാണ്​ ഇവരുടെ വരികളോരോന്നും. ഉടുമ്പന്നൂർ ചെപ്പുകുളം വലിയവീട്ടിൽ കുഞ്ഞൻ ഗണക‍ൻെറയും ഗൗരിയുടെയും നാല്​ മക്കളിൽ ഇളയവളായ കൗസല്യയുടെ ബാല്യം പുസ്​തകങ്ങ​ൾക്കൊപ്പമായിരുന്നു. നിലത്തെഴുത്താശാനായ അച്ഛ‍ൻെറ പുസ്തകശേഖരങ്ങളിൽനിന്നാണ്​ എഴുത്തി‍ൻെറ ലോകം സ്വപ്നം കണ്ടുതുടങ്ങിയത്​. ചെപ്പുകുളം സ്​കൂളിലായിരുന്നു പഠനം. ഏഴ്​ വയസ്സുള്ളപ്പോൾ അമ്മ മരണപ്പെട്ടു. പിന്നെ പിതാവായിരുന്നു എല്ലാം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കവിതകൾ ചൊല്ലുമായിരുന്നു. സ്‌കൂളിലെയും നാട്ടിലെയും മത്സരങ്ങളിൽ കവിത രചനക്കും പാരായണത്തിനുമൊക്കെ സമ്മാനങ്ങൾ ലഭിച്ചിരുന്നതായി കൗസല്യ ഓർക്കുന്നു. പിതാവിന്​​ വയ്യാതായതോടെ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. അപ്പോഴും എഴുത്തി‍ൻെറയും വായനയുടെയും കൂട്ട്​ വിട്ടില്ല. ഈ സമയത്ത്​ കൗസല്യ എഴുതിയ ജന്മഹോമം നാടകം നാട്ടിലെ പള്ളിപ്പെരുന്നാളിന് അരങ്ങേറുകയും അതിൽ അഭിനയിക്കുകയും ചെയ്​തു. പതിനേഴാം വയസ്സിൽ വലിയ പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്ക്​ കടന്നെങ്കിലും അത്ര മധുരമായിരുന്നില്ല കുടുംബജീവിതം. ഭർത്താവി‍‍ൻെറ പീഡനം മൂലം പലപ്പോഴും വീട്​ വിട്ടിറങ്ങി ആശാഭവനിലും മറ്റും അഭയം തേടേണ്ടി വന്നു. പിന്നീട്​ മക്കളുമായി തനിച്ച്​ ജീവിതം തുടങ്ങി. ജീവിതച്ചെലവിന്​ വീട്ടുജോലിക്കിറങ്ങി. ഇതിനിടെ ഒരു എഴുത്തുകാരിയെ പരിചയപ്പെട്ടു. അവർ രചിച്ച പുസ‌്തകങ്ങൾ കമീഷൻ വ്യവസ്ഥയിൽ വിൽക്കാൻ കൗസല്യയെ ഏൽപിച്ചു. സർക്കാർ ഓഫിസുകളിലും മറ്റ്​ സ്ഥാപനങ്ങളിലും കയറി പുസ്‌തകം വിറ്റു. ഇതിനിടയിലും മനസ്സിൽ തോന്നിയതെല്ലാം കുത്തിക്കുറിച്ചു. തൊടുപുഴയിലെ വനിത എസ്.ഐയായിരുന്ന എൻ.എൻ. സുശീലയാണ്​ ഒരിക്കൽ ഇതെല്ലാം ചേർത്ത്​ പുസ്തകമാക്കിക്കൂടേ എന്ന്​ ചോദിച്ചത്​. തൊടുപുഴ പൊലീസ്​ അസോസിയേഷൻ പുസ്തകം പ്രസിദ്ധീകരിക്കാൻ സഹായവുമായെത്തി. ഇതോടെ 'കനൽ ജീവിതം' എന്ന ആദ്യ കവിത സമാഹാരം പുറത്തിറങ്ങി​. ആറുമാസത്തിനുള്ളിൽ 3000 കോപ്പികളാണ്​ വിറ്റത്​. 11 വർഷത്തോളം പുസ്തക വിൽപനയായിരുന്നു. പിന്നീടാണ്​ ലോട്ടറിക്കച്ചവടം തുടങ്ങിയതെന്ന്​ കൗസല്യ പറയുന്നു​. കഴിഞ്ഞ ഫെബ്രുവരിയിലാണ്​ രണ്ടാമത്തെ കവിത സമാഹാരമായ 'മഴക്കുമുമ്പേ' പുറത്തിറക്കിയത്​. മകളെ വിവാഹം ചെയ്തയച്ചു. മ​കനോടൊപ്പം പൈങ്ങോട്ടൂരിലാണ്​ ഇപ്പോൾ താമസം. ​TDL KAUSALYA കൗസല്യ കൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.