-പരിസരവാസികളെ കുറ്റക്കാരാക്കാനാണ് ശ്രമിച്ചതെന്നും വിമർശനം തൊടുപുഴ: കോലാനിയിൽ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്‍റെ സ്ഥലത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ട് വലകെട്ടി അടച്ച് ടെസ്റ്റ് മുടക്കി എന്ന മോട്ടോർ വാഹന വകുപ്പിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് പ്രദേശവാസികൾ. എം.വി.ഐ.പിയുടെ കനാലിന് ഉപയോഗിച്ച ശേഷം ബാക്കി 50 സെന്‍റോളം സ്ഥലം ഇവിടെ വെറുതെ കിടന്നിരുന്നു. ഇതിന്‍റെ ഒരു ഭാഗം 35 വർഷമായി കളിസ്ഥലമായി ഉപയോഗിച്ചു വരുകയാണ്. നേരത്തേ ഉണ്ടായിരുന്ന സ്ഥലത്ത് ടെസ്റ്റ് നടത്താൻ നിർവാഹമില്ലാത്ത അവസ്ഥയിൽ കലക്ടറുടെ പ്രത്യേക അനുമതി വാങ്ങി ടെസ്റ്റ് ആരംഭിക്കുകയായിരുന്നു. പ്രദേശവാസികൾ പൂർണ സഹകരണം നൽകുകയാണുണ്ടായത്. ടെസ്റ്റിന് കൊണ്ടുവരുന്ന വാഹനങ്ങൾ സമീപ വീടുകളിലാണ് സൂക്ഷിച്ചുവരുന്നത്. ഗ്രൗണ്ടിൽ മുമ്പും നെറ്റ് കെട്ടി കളി നടത്താറുണ്ടായിരുന്നു. ഇടതടവില്ലാതെ കോർട്ടിന് സമീപം അനധികൃതമായി പരിശീലനം നടത്തുന്നവരിലേക്ക് പന്ത് കടന്ന് അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും പരാതി ഇല്ലാതെ പോകാനുമാണ് നെറ്റ് കെട്ടുന്നത്. അടുത്ത നാളിൽ കോർട്ടിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം ഡ്രൈവിങ് സ്കൂളുകാർ വാടകക്ക് എടുക്കുകയുണ്ടായി. ഇവിടെ നിന്ന മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വെട്ടിമാറ്റാൻ പുരയിടത്തിന്‍റെ രണ്ട് വശത്തും റോഡ് ഉണ്ടായിരിക്കേ കോർട്ടിന് നടുവിലൂടെ ലോറി കടത്തി തടികയറ്റാനുള്ള ശ്രമമുണ്ടായപ്പോൾ പരിസരവാസികൾ പ്രതിഷേധം ഉയർത്തുകയും പൊട്ടിക്കിടന്ന വല കോർട്ടിൽമാത്രം പുനഃസ്ഥാപിക്കുകയും ചെയ്തു. മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് മുടക്കി എന്നതിലൂടെ പ്രദേശവാസികളെ കുറ്റക്കാരാക്കാനാണ് ശ്രമിച്ചത്. പരിസരവാസികൾ ടെസ്റ്റ് ഗ്രൗണ്ടിൽ പ്രവേശിക്കുകയോ മുദ്രാവാക്യങ്ങൾ മുഴക്കുകയോ ഉദ്യോഗസ്ഥരെ തടയുകയോ ചെയ്യുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും നാട്ടുകാർ അറിയിച്ചു. എൻ.ജി.ഒ അസോസിയേഷൻ കരിദിനാചരണം നടത്തി തൊടുപുഴ: ജീവനക്കാരുടെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പാക്കുക, വില്ലേജ് ഓഫിസുകളിലെ 1000 ക്ലർക്കുമാരുടെ പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, റവന്യൂ റിക്കവറി പിരിവ് ജീവനക്കാരുടെ വ്യക്തിഗത ബാധ്യതയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ കരിദിനാചരണം നടത്തി. ഇടുക്കി കലക്ടറേറ്റ്, ദേവികുളം, ഇടുക്കി റവന്യൂ ഡിവിഷനൽ ഓഫിസ്, തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്ക് ഓഫിസ്, കരിമണ്ണൂർ, കട്ടപ്പന ഭൂപതിവ് ഓഫിസ്, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിൽ പ്രതിഷേധിച്ചു. ദേവികുളത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി. വിനോദ്, ഉടുമ്പൻചോലയിൽ ജില്ല പ്രസിഡന്‍റ് ഷാജി ദേവസ്യ, തൊടുപുഴയിൽ ജില്ല സെക്രട്ടറി സി.എസ്. ഷെമീർ, കലക്ടറേറ്റിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സാജു മാത്യു, പീരുമേട്ടിൽ ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. യൂനുസ്, കട്ടപ്പനയിൽ ജില്ല ജോയന്‍റ് സെക്രട്ടറി കെ.സി. ബിനോയി, കരിമണ്ണൂരിൽ ബ്രാഞ്ച് പ്രസിഡന്‍റ് പീറ്റർ കെ. എബ്രഹാം എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.