മലയോര ഹൈവേ: മേരികുളം-നരിയംപാറ ഭാഗത്തിന്‍റെ ടെൻഡര്‍ പൂര്‍ത്തിയായി

-നരിയംപാറ-കട്ടപ്പന പാതയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്ക്​ സമർപ്പിച്ചു ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ മേരികുളം മുതല്‍ നരിയമ്പാറ വരെയുള്ള ഭാഗം അന്താരാഷ്ട്ര നിലവാരത്തില്‍ നിർമിക്കാൻ തുക അനുവദിച്ച് ടെൻഡര്‍ നടപടി പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആദ്യഘട്ടമായി 12.7 കിലോമീറ്റര്‍ നിർമാണത്തിന് 56.72 കോടിയാണ് അനുവദിച്ചത്. 12 മീറ്റര്‍ വീതിയില്‍ റോഡ് നവീകരിച്ച് ഏഴു മീറ്റര്‍ വീതിയില്‍ ബി.എം ആൻഡ്​ ബി.സി നിലവാരത്തിലാണ്​ ടാറിങ്​. പീരുമേടിനെയും ദേവികുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയാണിത്. രണ്ടാം ഘട്ടമായി നരിയംപാറ മുതല്‍ കട്ടപ്പന വരെ പുനര്‍നിമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്ക്​ സമർപ്പിച്ചിട്ടുണ്ട്​. റോഡ് കടന്നുപോകുന്ന പല മേഖലകളിലും ആവശ്യമായ വീതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കാൻ പ്രത്യേക സര്‍വേ ടീമിനെ കലക്ടര്‍ നിയമിച്ചിരുന്നു. ഇടുക്കി നിയോജകമണ്ഡലത്തിനായി നോഡല്‍ ഓഫിസറെ നിയമിച്ചതും പൊതുമരാമത്ത് റോഡുകളുടെയും കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിർമാണപുരോഗതി വിലയിരുത്താൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതും പദ്ധതി നടത്തിപ്പ്​ സുഗമമാക്കുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം: കേരള കോണ്‍ഗ്രസ് എം ധർണ ഇന്ന് ചെറുതോണി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം കര്‍ഷക യൂനിയന്‍ ജില്ല കമ്മിറ്റി ചൊവ്വാഴ്​ച പാറേമാവ് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഓഫിസിന്​ മുന്നില്‍ ധർണ നടത്തും. ജില്ലയില്‍ മാത്രം അമ്പതിലധികംപേർ വന്യമൃഗ അക്രമണത്തിൽ മരിച്ചു​. വനാതിര്‍ത്തിയില്‍ വേലി കെട്ടിയും ഇതരമാർഗങ്ങളിലൂടെയും മൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധർണ. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്‍റണി ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.