കാട്ടുകൊമ്പന്മാർ നാട്ടിലെത്തി പോരടിച്ചു

മൂന്നാർ: കാട്ടുകൊമ്പന്മാർ നാട്ടിൽ ഏറ്റുമുട്ടിയത് നാട്ടുകാരിൽ ഭീതി സൃഷ്ടിച്ചു. നല്ലതണ്ണി എസ്​റ്റേറ്റിൽ രാത്രിയിൽ എത്തിയ കൊമ്പന്മാരാണ് ജനവാസ കേന്ദ്രത്തിലെത്തി പരസ്പരം പോരടിച്ചത്. നാട്ടുകാർ പടയപ്പയെന്നും ഗണേശനെന്നും വിളിക്കുന്ന ആനകളാണ്​ രാത്രി ഒരു മണിയോടെ നല്ലതണ്ണി എസ്‌റ്റേറ്റിലെ കുറുമല ഡിവിഷനില്‍ പരിഭ്രാന്തി പടര്‍ത്തി കൊമ്പുകോര്‍ത്തത്. പരസ്പരം ആക്രമിച്ച രണ്ട്​ ആനകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കില്‍നിന്നുണ്ടായ രക്തക്കറ റോഡില്‍ കാണാം. ഗണേശന്‍ എന്ന ആന എസ്റ്റേറ്റു റോഡിലെ പാലത്തിന്‍റെ ഇരുമ്പു കൈവരികള്‍ തകര്‍ത്തു. തേയിലച്ചെടി വേരോടെ പിഴുതെറിഞ്ഞു. എന്നിട്ടും കലിതീരാത്ത ഗണേശന്‍ വീട്ടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയും തകര്‍ത്തു. കുറുമല സ്വദേശി പ്രവീണിന്‍റെ ഓട്ടോയാണ് തകര്‍ത്തത്. പ്രവീണിന്‍റെ ആകെയുള്ള വരുമാനമാര്‍ഗമായിരുന്നു ഈ ഓട്ടോ. വൃക്കസംബന്ധമായ അസുഖമുള്ള പ്രവീണ്‍ ദീര്‍ഘനാളുകളായി ചികിത്സയിലാണ്. അലര്‍ച്ചയും ബഹളവും കേട്ട നാട്ടുകാര്‍ തന്നെയാണ് ദൂരത്തുനിന്ന്​ ആനകളുടെ പോരുകണ്ടത്. കുറുമല ഡിവിഷനില്‍ കല്ലാറിലേക്കു പോകുന്ന വഴിയിലായിരുന്നു ആനകളുടെ പോര്. അർധരാത്രിയുള്ള ആക്രമണ സമയത്ത് ഈ റോഡിലൂടെ യാത്രക്കാരില്ലാതിരുന്നത് തുണയായി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എസ്‌റ്റേറ്റിലെത്തി പരിശോധനകള്‍ നടത്തി. കഴിഞ്ഞദിവസം തേനിയില്‍നിന്ന് മൂന്നാറിലേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസിനെ ഒറ്റയാന്‍ ആക്രമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.